സ്വര്‍ണം കൈമാറാന്‍ ബ്യൂട്ടി പാര്‍ലറും വര്‍ക്ക്‌ഷോപ്പും വീടുകളും; പുതിയ വെളിപ്പെടുത്തലുകള്‍..

സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകൾ എടുത്ത് കൂട്ടിയത് സ്വർണം കൈമാറാനുള്ള കേന്ദ്രങ്ങളാക്കാനാണെന്ന് എൻഐഎ നിഗമനം. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് രണ്ട് വീട് ഉൾപ്പെടെ നാല് കെട്ടിടങ്ങൾ. സന്ദീപിന്റെ ബ്യൂട്ടി പാർലറും വർക് ഷോപ്പും ഉൾപ്പെടെ 7 ഇടങ്ങളിൽ വച്ച് സ്വർണം കൈമാറി. സ്വർണം കൊണ്ടുപോകാൻ യുഎഇ കോൺസുലേറ്റിന്റെ വാഹനവും മറയാക്കി.

സന്ദീപിനെയും സ്വപ്നയെയും എത്തിച്ചുള്ള തെളിവെടുപ്പിലാണു തിരുവനന്തപുരത്തെ സ്വർണക്കടത്ത് വഴികളുടെ ചിത്രം വ്യക്തമായത്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണു സ്വർണം അടങ്ങിയ ബാഗ് അയക്കുന്നതെങ്കിലും അതിനു നയതന്ത്ര പരിരക്ഷ ലഭിക്കാൻ കോൺസുലേറ്റ് ജനറലിന്റെ കത്ത് വേണം. ഇതു വ്യാജമായി തയാറാക്കുന്നതു സരിത്തിന്റെ ചുമതലയാണ്. കോൺസുലേറ്റിലെ വാഹനത്തിലാണു വിമാനത്താവളത്തിലെത്തേണ്ടത്. സ്വപ്ന സ്വാധീനം ഉപയോഗിച്ച് വാഹനം കൈക്കലാക്കും. ഇല്ലെങ്കിൽ വ്യാജ ബോർഡ് ഉപയോഗിച്ചതായും സംശയമുണ്ട്. ഈ വാഹനത്തിലുള്ള സരിത്ത് വ്യാജ കത്ത് കാണിച്ച് ബാഗ് കൈപ്പറ്റും.

അടുത്തത് നയതന്ത്ര ബാഗിൽനിന്നു സ്വർണം പുറത്തെടുക്കലാണ്. അതിനായാണ് ഒന്നിലേറെ വാടക വീടുകൾ എടുത്തിടുന്നത്. ഫെബ്രുവരി മുതൽ ജൂലൈ വരെ രണ്ട് വീടും രണ്ട് ഫ്ലാറ്റും വാടകക്കെടുത്തു. ആൽത്തറയിലും പിടിപി നഗറിലും വീടുകൾ. അമ്പലമുക്കിലും സെക്രട്ടേറിയേറ്റിനു സമീപത്തുമുള്ള ഫ്ലാറ്റുകളും കൈമാറ്റ കേന്ദ്രങ്ങളായി. കൂടാതെ കുറവൻകോണത്തുള്ള സന്ദീപിന്റെ ബ്യൂട്ടി പാർലറും നെടുമങ്ങാട്ടെ വർക് ഷോപ്പുമെല്ലാം ഇതിനു മറയായി.

ഇവിടങ്ങളിൽ വച്ച് ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരിലുള്ള യഥാർഥ വസ്തുക്കൾ കോൺസുലേറ്റിലേക്കുള്ള ബാഗിലും സ്വർണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കൾ മറ്റൊരു ബാഗിലേക്കും മാറ്റും. സരിത്തും സ്വപ്നയും ചേർന്നാവും ഇതു ചെയ്യുക. യഥാർത്ഥ ബാഗുമായി സ്വപ്ന കോൺസുലേറ്റിലേക്ക് പോകുമ്പോൾ സ്വർണമുള്ള ബാഗുമായി സരിത്ത് സ്വന്തം കാറിൽ സന്ദീപിന്റെ അരികിലേക്ക്. സന്ദീപിന് കൈമാറുന്നതോടെ ആദ്യഘട്ടം പൂർത്തിയാവുന്നു. സന്ദീപിൽനിന്ന് റമീസ് വഴി ആസൂത്രകരിലേക്കെത്തുന്നതാണു വിപുലമായ രണ്ടാം ഘട്ടം.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment