മന്ത്രി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി

കൊച്ചി: ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്ത് വന്നതിനെ തുടർന്ന് ഫെറ ലംഘനത്തിന്റെ തെളിവുകൾ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യു എ ഇ കോൺസൽ ജനറൽ സ്പോൺസർ ചെയ്ത അഞ്ച് ലക്ഷം രൂപയുടെ കിറ്റിനായി കോൺസൽ ജനറൽ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കൺസ്യൂമർഫെഡിൽ അടച്ചതായും മന്ത്രി തന്നെ തുറന്നു സമ്മതിച്ചതാണ്. അഞ്ച് ലക്ഷം രൂപയുടെ പണമിടപാടാണ് യു എ ഇ കോൺസുലേറ്റ് ജനറലുമായി ചേർന്ന് മന്ത്രി നടത്തിയത്.

ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിർമ്മാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യു എ ഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജലീലിന്റെ നടപടി ഫെറ ആക്ട് മുപ്പത്തഞ്ചാം വകുപ്പിന്റെ ലംഘനമാണെന്നും അഞ്ച വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നാല്പത്തിമൂന്നാം വകുപ്പ് അനുസരിച്ച് കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഏജൻസിക്ക് ഇത് അന്വേഷിക്കാമെന്നും അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും മന്ത്രിയെ കോടതിയിൽ വിചാരണയ്ക്ക് വിധേയനാക്കണമെന്നും യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

Follow us on pathram online

pathram desk 2:
Related Post
Leave a Comment