തിരുവനന്തപുരം : ജില്ലയിലെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇന്ന് (18 ജൂലൈ) അർദ്ധരാത്രി മുതൽ 10 ദിവസത്തേക്കാണ് (28 ജൂലൈ അർദ്ധരാത്രിവരെ)നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാകില്ല.
തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇടവ മുതൽ പെരുമാതുറ(സോൺ 1) വരെയും പെരുമാതുറ മുതൽ വിഴിഞ്ഞം(സോൺ 2) വരെയും വിഴിഞ്ഞം മുതൽ പൊഴിയൂർ(സോൺ 3) വരെയുമായാണ് തിരിച്ചിരിക്കുന്നത്. ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമപഞ്ചായത്ത്, വർക്കല മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ സോൺ ഒന്നിലും ചിറയിൻകീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ സോൺ രണ്ടിലും കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ സോൺ മൂന്നിലും ഉൾപ്പെടും. ഐ.എ.എസ് ഉദ്യോഗസ്ഥരായ യു.വിജോസ്, ഹരികിഷോർ എന്നിവരെ സോൺ ഒന്നിലും എം.ജി രാജമാണിക്യം, ബാലകിരൺ എന്നിവരെ സോൺ രണ്ടിലും ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരെ സോൺ മൂന്നിലും ഇൻസിഡന്റ് കമാന്റർമാരായി നിയമിച്ചിട്ടുണ്ട്.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഇൻസിഡന്റ് കമാന്റർമാർ ഏകോപിപ്പിക്കും. മൂന്നു സോണുകളിലും റവന്യു -പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിക്കും. തഹസിൽദാർ ടീമിനെ രൂപീകരിക്കുകയും ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാതെയുള്ള ഉദ്യോഗസ്ഥൻ ടീമിനെ നയിക്കുകയും ചെയ്യും. ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ അവരവരുടെ വകുപ്പുകളിലെ ഓരോ ജീവനക്കാരുടെ വീതം സേവനം ഉറപ്പാക്കണം. ഇൻസിഡന്റ് കമാന്റർമാരുടെ നിർദ്ദേശമനുസരിച്ച് 24 മണിക്കൂറും ടീം പ്രവർത്തിക്കണം. പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ, ആംബുലൻസ്, യാത്രാ സൗകര്യം, ഭക്ഷണം എന്നിവ ടീം ഉറപ്പാക്കണം. മൂന്നു സോണുകളെയും ചേർത്ത് പ്രത്യേക മാസ്റ്റർ കൺട്രോൾ റൂം സജ്ജീകരിക്കും. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സേവനം കണട്രോൾ റൂമിൽ ഉറപ്പാക്കും.
സി.എഫ്.എൽ.റ്റി.സി, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സെന്ററുകൾ എന്നിവിടങ്ങളിലെ ശുചിത്വം, മരുന്നു വിതരണം, ആരോഗ്യസ്ഥിതി, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഇൻസിഡന്റ് കമാന്റർമാർ വിലയിരുത്തും. പ്രാദേശിക നേതാക്കളെ കൂടി ഉൾപ്പെടുത്തി പ്രദേശത്ത് പ്രത്യേക പ്രവർത്തനരേഖ തയ്യാറാക്കും. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിൽ പദ്ധതി ആസൂത്രണം ചെയ്യും.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് പ്രദേശങ്ങളിൽ ആയുധങ്ങളുടെ പ്രദർശനവും പ്രയോഗവും ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടു കൂടി മാത്രമേ പാടുള്ളു. കണ്ടെയിൻമെന്റ് സോണുകൾക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പാട്ടുള്ളു. കണ്ടെയിൻമെന്റ് പ്രദേശങ്ങളിലും അനാവശ്യ യാത്ര അനുവദിക്കില്ല. ഇക്കാര്യം പോലീസ് ഉറപ്പുവരുത്തണം. സംസ്ഥാന പോലീസ് മേധാവി ജൂലൈ 17ന് പുറത്തിറക്കിയ ഉത്തരവനുസരിച്ചു വേണം പോലീസ് പ്രവർത്തിക്കാൻ. മുൻനിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവയ്ക്കും. അവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവർത്തിക്കില്ല. ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തണം. ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തന അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലെ ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും. എന്നാൽ ഈ പ്രദേശങ്ങളിൽ വാഹനം നിർത്താൻ പാടില്ല.
പാൽ, പച്ചക്കറി, പലചരക്ക് കടകൾ ഇറച്ചികടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ വൈകിട്ട് നാലുമണിവരെ പ്രവർത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ നൽകും. പ്രദേശങ്ങളിൽ ഹോർട്ടികോർപ്പ്, സപ്ലൈകോ, കെപ്‌കോ എന്നിവയുടെ മൊബൈൽ വാഹനങ്ങൾ എത്തിച്ച് വിൽപ്പന നടത്തും. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ മൊബൈൽ എ.റ്റി.എം സൗകര്യവും ഒരുക്കും. പ്രദേശത്തെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായും പാലിക്കണം. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
follow us pathramonline
Leave a Comment