തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു ഹൈപ്പർമാർക്കറ്റിലെ അമ്പതിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഹൈപ്പർമാർക്കറ്റിൽ ആ സമയങ്ങളിൽ പോയവർ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ഈ ഹൈപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന 91 ജീവനക്കാരെ പരിശോധിച്ചതിൽ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് അതേ സ്ഥാപനത്തിലെ 81 സാമ്പിളുകൾ ടെസ്റ്റ് ചെയ്തതിൽ 17 എണ്ണം പോസിറ്റീവാണ്. ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫലം ഇനിയും വരാനുണ്ടെന്നും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറുകണക്കിന് പേരാണ് ഈ ഹൈപ്പർ മാർക്കറ്റിൽ വന്നുപോകുന്നതെന്നും ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുക എന്നതുതന്നെ ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ ആവശ്യമായ പരിശോധന നടത്തുന്നതിന് ആളുകൾ സ്വയമേവ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തലസ്ഥാനനഗരിയിൽ ഉള്ള ആളുകളായിരിക്കും ഈ കടയിൽ പോയിട്ടുണ്ടാവുക. കടയിൽ എത്തിയവരിൽ ആർക്കൊക്കെ രോഗബാധ ഉണ്ടായി എന്ന് പരിശോധനയിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കുള്ളൂ. ഈ ദിവസങ്ങളിൽ ഈ കടയിൽ പോയി തുണിത്തരങ്ങൾ വാങ്ങിയവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. സ്വയം ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് ആ കടയിൽ പോയ ആളാണ് താൻ എന്ന് പറയാനുള്ള മനസ് ആളുകൾ കാണിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഏറെയും തമിഴ്നാട്ടുകാരാണ്. മാത്രമല്ല ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുമുണ്ട്. സമാനമായ രീതിയിൽ തമിഴ്നാട്ടുകാർ കൂടുതലായി ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഉൾപ്പെടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ പരിശോധനയുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ഒരു നിയന്ത്രണവും പാലിക്കാതെ ആളുകൾ കടകളിൽ ചെല്ലുകയും സാധനങ്ങൾ വാങ്ങുകയും ഇതുകൂടാതെ കൊറോണയും വാങ്ങി തിരിച്ചു പോകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇതു നമ്മളെല്ലാം ചിന്തിക്കേണ്ട ഒരു കാര്യമാണെന്നും തലസ്ഥാനത്തിന്റെ ഈ അനുഭവം മുൻനിർത്തി പ്രത്യേക പ്രതിരോധ നടപടികൾ പുനക്രമീകരിക്കുമെന്നും തുണിക്കടയിൽ ഇത്രവലിയ രോഗബാധ വന്നെങ്കിൽ സമൂഹത്തിൽ അതെത്രമാത്രം അപകടം വിതച്ചിരിക്കുമെന്ന് ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അടിയന്തര പ്രാധാന്യം നൽകി പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് അടക്കം ഇന്ന് 301 പേർക്കാണ് തലസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഉറവിടം തിരിച്ചറിയാത്ത 16 രോഗികൾ വേറെയുമുണ്ട്.
Follow us on pathram online
Leave a Comment