ഫൈസല്‍ ഫരീദിന് ഇനി രക്ഷയില്ല; യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തി

കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന് കുരുക്ക് മുറുകുന്നു. ഇന്ത്യ പാസ്പോർട്ട് റദ്ദാക്കുകയും പിന്നാലെ യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ഉടൻതന്നെ ഇന്ത്യയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കസ്റ്റംസിന്റെ നിർദേശപ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് ഇമിഗ്രേഷനെ അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

യാത്രവിലക്ക് നിലവിൽ വന്നതിനാൽ ഫൈസലിന് യു.എ.ഇ. വിടാനാകില്ല. മാത്രമല്ല പാസ്പോർട്ടിന് സാധുതയില്ലാത്തതിനാൽ പിടിയിലാവുകയും യു.എ.ഇയിൽനിന്ന് കയറ്റിവിടാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയാണെങ്കിൽ യു.എ.ഇയുടെ സഹായത്തോടെ ഫൈസലിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇന്ത്യയും യു.എ.ഇയും നയതന്ത്രതലത്തിൽ മികച്ച സൗഹൃദം നിലനിൽക്കുന്നതിനാൽ മറ്റു തടസങ്ങളുണ്ടാകില്ലെന്നാണ് സൂചന. ഇന്റർപോൾ വഴി പ്രതിയെ കൈമാറുന്നതിന് കാലതാമസം നേരിടുമെന്നതിനാലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ വേഗത്തിലാക്കിയിരിക്കുന്നത്.

ഫൈസൽ ഫരീദാണ് തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ സ്വർണം നിറച്ച ബാഗേജ് അയച്ചത്. എന്നാൽ ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരോപണം നിഷേധിച്ച് ഫൈസൽ ദുബായിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോയിലുള്ള ഫൈസൽ താനാണെന്നും എന്നാൽ സ്വർണക്കടത്തിൽ പങ്കില്ലെന്നുമായിരുന്നു വാദം. പക്ഷേ, പ്രതി പട്ടികയിലുള്ള ഫൈസൽ ഇയാൾ തന്നെയാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചു. പിന്നാലെ ഫൈസൽ ഫരീദ് മുങ്ങുകയും ചെയ്തു.

ദുബായ് റാഷിദിയയിലെ വില്ലയിലാണ് ഫൈസൽ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഇവിടെയില്ലെന്നാണ് വിവരം. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഫൈസലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുഹൃത്തുക്കൾ വഴി ഫോണിൽ കിട്ടാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഇതോടെയാണ് ഫൈസൽ മുങ്ങിയതാണെന്ന വിവരം സ്ഥിരീകരിച്ചത്.

കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദിന് ദുബായിൽ ജിംനേഷ്യം അടക്കമുള്ള ബിസിനസുകളുണ്ട്. ഇടയ്ക്ക് മാത്രം നാട്ടിൽവന്നുപോകുന്ന ബിസിനസുകാരനായ യുവാവ് എന്നതാണ് മൂന്നുപീടികയിലെ നാട്ടുകാർ പറയുന്നത്. പക്ഷേ, ദുബായിൽ കാർ റേസിങ്ങിലടക്കം സജീവമാണ് ഫൈസൽ. ആഡംബര കാറുകളുടെ ഒരു വൻശേഖരം തന്നെ ഇയാളുടെ ഗ്യാരേജിലുണ്ടെന്നാണ് വിവരം. സിനിമാതാരങ്ങളുമായും അടുത്തബന്ധമുണ്ട്. ഒരു ബോളിവുഡ് താരമാണ് ഫൈസലിന്റെ ദുബായിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. എന്നാൽ ഫൈസലിന്റെ സ്വർണക്കടത്തിനെക്കുറിച്ച് തങ്ങൾക്കറിയില്ലെന്നായിരുന്നു ഇയാളുടെ സുഹൃത്തുക്കളുടെ പ്രതികരണം.

pathram desk 2:
Related Post
Leave a Comment