തെറിച്ചു..!!! എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടഫിക്കറ്റ് ചമച്ചു എന്ന ആരോപണത്തില്‍ നിലവില്‍ സംസ്ഥാന പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു കൊടുത്ത മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താൻ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കർ. മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിർത്തിയിട്ടും, ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും അരുണിന് സർക്കാരിൽ പ്രധാന ചുമതലകൾ നൽകി. പ്രവാസികൾക്കുള്ള ‘ഡ്രീം കേരള’ പദ്ധതിയുടെ എക്സിക്യൂഷൻ കമ്മറ്റിയിലും ഈ മാസം അരുൺ ബാലചന്ദ്രൻ ഇടംപിടിച്ചു.

പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുമാണ് ഡ്രീം കേരള പദ്ധതി രൂപീകരിച്ചത്. ഡ്രീം കേരള ക്യാംപെയിൻ ഹാക്കത്തോൺ, പദ്ധതി നിർവഹണം എന്നിവയുടെ മേൽനോട്ടവും എക്സിക്യൂഷൻ പ്ലാനും തീരുമാനിക്കേണ്ട എക്സിക്യൂഷൻ കമ്മറ്റിയിലാണ് ഐഎഎസ്, ഐപിഎസ്, ഐടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുൺ ബാലചന്ദ്രനും ഇടംപിടിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് നോർക്ക സെക്രട്ടറി ഇളങ്കോവൻ ഉത്തരവിറക്കിയത്.

സ്വർണക്കടത്തു സംഭവം വിവാദമായതിനു പിന്നാലെ ഇന്റലിജൻസ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഇയാളെ സർക്കാർ പദവികളിൽനിന്ന് നീക്കിയത്. കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുള്ള വ്യക്തയാണെന്നും സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജൻസ് വിഭാഗം അറിയിച്ചത്. അരുൺ കൊച്ചിയിൽ നടത്തിയ വമ്പൻ പാർട്ടികളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്.

കൊച്ചി ഇൻഫോപാർക്കിൽ ഐടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുൺ. പിന്നീട് വെബ് സൈറ്റ് ഡെവലപ് ചെയ്യുന്ന ചെറിയ സ്റ്റാർട്ട് അപ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷൻ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലിവിട്ടു. പിന്നീടാണ് ഐടി സെക്രട്ടറിയുമായും മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ പേരിൽ സർക്കാരിൽ കരാർ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി ഉയർത്തപ്പെടുന്നതും. ആ സ്ഥാനത്തുനിന്നു മാറ്റിയിട്ടും പ്രധാന ചുമതലകൾ ലഭിച്ചതും ഉന്നത ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഐടി പാർക്കുകളുടെ മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനമാണ് അവസാനം വഹിച്ച പദവി.

follow us: PATHRAM ONLINE

pathram:
Leave a Comment