അരുണിന് ഉന്നത പദവിയ്ക്ക് സഹായിച്ചത് ശിവശങ്കര്‍, കൊച്ചിയില്‍ വമ്പന്‍ പാര്‍ട്ടികള്‍, സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജന്‍സ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഫ്‌ലാറ്റ് ബുക്ക് ചെയ്തു കൊടുത്ത മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താന്‍ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയിട്ടും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിട്ടും അരുണിന് സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍ നല്‍കി. പ്രവാസികള്‍ക്കുള്ള ‘ഡ്രീം കേരള’ പദ്ധതിയുടെ എക്‌സിക്യൂഷന്‍ കമ്മറ്റിയിലും ഈ മാസം അരുണ്‍ ബാലചന്ദ്രന്‍ ഇടംപിടിച്ചു.

പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുമാണ് ഡ്രീ കേരള പദ്ധതി രൂപീകരിച്ചത്. ഡ്രീം കേരള ക്യാംപെയിന്‍ ഹാക്കത്തോണ്‍, പദ്ധതി നിര്‍വഹണം എന്നിവയുടെ മേല്‍നോട്ടവും എക്‌സിക്യൂഷന്‍ പ്ലാനും തീരുമാനിക്കേണ്ട എക്‌സിക്യൂഷന്‍ കമ്മറ്റിയിലാണ് ഐഎഎസ്, ഐപിഎസ്, ഐടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുണ്‍ ബാലചന്ദ്രനും ഇടംപിടിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് നോര്‍ക്ക സെക്രട്ടറി ഇളങ്കോവന്‍ ഉത്തരവിറക്കിയത്.

സ്വര്‍ണക്കടത്തു സംഭവം വിവാദമായതിനു പിന്നാലെ ഇന്റലിജന്‍സ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ പദവികളില്‍നിന്ന് നീക്കിയത്. കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുള്ള വ്യക്തയാണെന്നും സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചത്. അരുണ്‍ കൊച്ചിയില്‍ നടത്തിയ വമ്പന്‍ പാര്‍ട്ടികളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുണ്‍. പിന്നീട് വെബ് സൈറ്റ് ഡെവലപ് ചെയ്യുന്ന ചെറിയ സ്റ്റാര്‍ട്ട് അപ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷന്‍ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലിവിട്ടു. പിന്നീടാണ് ഐടി സെക്രട്ടറിയുമായും മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ പേരില്‍ സര്‍ക്കാരില്‍ കരാര്‍ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി ഉയര്‍ത്തപ്പെടുന്നതും. ആ സ്ഥാനത്തുനിന്നു മാറ്റിയിട്ടും പ്രധാന ചുമതലകള്‍ ലഭിച്ചതും ഉന്നത ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഐടി പാര്‍ക്കുകളുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനമാണ് അവസാനം വഹിച്ച പദവി.

അതേസമയം, എം.ശിവശങ്കറിന്റെ ഫ്‌ലാറ്റ് സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമായെന്ന സംശയം വര്‍ധിപ്പിച്ച് സ്വപ്നയുടെ മൊബൈല്‍ ടവര്‍ സിഗ്‌നല്‍ രേഖകള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ സ്വപ്ന മണിക്കൂറോളം ചെലവഴിച്ചത് ഫ്‌ലാറ്റിരിക്കുന്ന ടവറിനു പരിധിയിലാണ്. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്ന രണ്ടര മണിക്കൂറാണ് ഈ പ്രദേശത്ത് ചെലവഴിച്ചത്.

follow us pathramonline

pathram:
Leave a Comment