ശിവശങ്കറിനെതിരേ തുടര്‍നീക്കവുമായി എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി എം.ശിവശങ്കറിനുള്ള ബന്ധത്തെ സൗഹൃദം മാത്രമായി ഒതുക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സികളുടെ തുടര്‍നീക്കം. സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തു പരമാവധി തെളിവുകളിലേക്കു പോകുന്നതിലാണ് എന്‍ഐഎ നിലവില്‍ ശ്രദ്ധിക്കുന്നത്. എം. ശിവശങ്കറിലേക്ക് എന്‍ഐഎ അന്വേഷണം കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതിനു മുന്‍പു കസ്റ്റംസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കും.

സന്ദീപ് നായരാണ് ഈ സംഘത്തിലെ സുപ്രധാന കണ്ണിയെന്ന രീതിയിലാണ് എന്‍ഐഎ അന്വേഷണം പോകുന്നത്. കൊടുവള്ളി സംഘമുള്‍പ്പെടെ കേരളത്തിലെ ശക്തമായ കള്ളക്കടത്തു സംഘങ്ങളുമായെല്ലാം സന്ദീപിനു വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. സ്വപ്നയുടെ സുഹൃത്തെന്ന നിലയില്‍ മാത്രമാണു സന്ദീപിനെ അറിയുന്നതെന്നാണു ശിവശങ്കര്‍ ചോദ്യങ്ങളോടു പ്രതികരിച്ചത്. ഈ മൊഴിക്കു വിരുദ്ധമായി ഇവര്‍ തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ഫോട്ടോകളോ ഫോണ്‍ വിളികളോ കണ്ടെത്താനായാല്‍ ശിവശങ്കറിനു മേലുള്ള പിടിമുറുകും. അതിലേക്കാണ് എന്‍ഐഎ അന്വേഷണം.

ഹോട്ടലുകളിലും ഫ്‌ലാറ്റിലും പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതും ഇവര്‍ക്കു ഫ്‌ലാറ്റ് എടുത്തു നല്‍കിയതുമൊക്കെ ശിവശങ്കറിനെതിരെ നിര്‍ണായകമാകുമെങ്കിലും എന്‍ഐഎ ശക്തമായ തെളിവാണു തേടുന്നത്. സ്വര്‍ണം ദുബായില്‍ നിന്ന് ഇങ്ങോട്ടു കയറ്റി അയച്ച ശേഷം പ്രതികളുടെയും എം. ശിവശങ്കറിന്റെയും യാത്രകളും ഫോണ്‍വിളികളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതിനു ശേഷം എല്ലാവരും കൂടിക്കാഴ്ച നടത്തിയോ, ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ ഈ സമയം ആരൊക്കെയെത്തി എന്നതും പരിശോധിക്കുന്നുണ്ട്. ശിവശങ്കര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ യാത്രാരേഖകളും പരിശോധിക്കുന്നുണ്ട്.

സന്ദീപും സ്വപ്നയും സരിത്തും ഈ ഓപ്പറേഷനു വേണ്ടി മാത്രം പുതിയ സിം കാര്‍ഡുകള്‍ തരപ്പെടുത്തിയെന്നും സംശയിക്കുന്നു. അവസാനം രക്ഷപെടും മുന്‍പ് സ്വപ്ന നടത്തിയ ഫോണ്‍ വിളികളും പരിശോധിക്കുന്നു. സ്വിച്ച് ഓഫ് ചെയ്തു തിരുവനന്തപുരം നഗരം വിടും മുന്‍പു പൂജപ്പുര ഭാഗത്തായിരുന്നു ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നാണു വിവരം.

follow us: pathram online

pathram:
Leave a Comment