തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി. കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂൺ 12 ന് റിയാദിൽ നിന്ന് വന്ന താന്ന്യം സ്വദേശി (61, പുരുഷൻ), ജൂൺ 28 ന് ബഹറൈനിൽ നിന്ന് വന്ന ചിറ്റണ്ട സ്വദേശി (30, പുരുഷൻ), ജൂലൈ 8 ന് മുംബൈയിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (33, പുരുഷൻ) എന്നിവർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി.
രോഗം സ്ഥിരീകരിച്ച 241 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിനുളള ആന്റിജൻ പരിശോധനയ്ക്ക് ജില്ലയിൽ ഇന്ന് (ജൂലൈ 15) തുടക്കമായി.
കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളിലായി 100 ൽപരം പേർക്ക് പരിശോധന നടത്തി.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14105 പേരിൽ 13831 പേർ വീടുകളിലും 274 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 53 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1009 പേരെ ബുധനാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1082 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ബുധനാഴ്ച 693 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 17347 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 15446 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1901 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 7300 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബുധനാഴ്ച 401 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 49646 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 128 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 688 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.
Follow us on pathram online
Leave a Comment