ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ ?

കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ എന്ന്‌ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം പറഞ്ഞ തീയതിക്ക് മുമ്പ് സ്വപ്‌നെയെ ജലീല്‍ വിളിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അങ്ങനെയാവുമ്പോള്‍ യു.എ.ഇ കൗണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് വിളിച്ചത് എന്നത് പച്ചക്കള്ളമാണെന്ന് കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.ടി ജലീലീന്റെ വാദമുഖങ്ങള്‍ ആശയക്കുഴം ഉണ്ടാക്കുന്നുണ്ട്. അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്തുകാര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കെ.ടി ജലീല്‍ നേരത്തേയും ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിക്കുമ്പോള്‍ അറിയാന്‍ കഴിയും. അപ്പോള്‍ ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ അത്ര ലാഘവത്തോടെ വിട്ടുകളയാന്‍ കഴിയുന്നതല്ല പുതിയ സംഭവ വികാസങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ.ടി ജലീല്‍ എന്തുകൊണ്ടാണ് ഇത്രയും ദിവസം സ്വപ്‌നയുമായി ബന്ധമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും പറയാതിരുന്നത്. സംശയം ദൂരീകരിക്കാന്‍ രണ്ട് മാസത്തെ ഫോണ്‍ രേഖകള്‍ പുറത്ത് വിടണം. അതിന് ജലീല്‍ തയ്യാറുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിത്ത് നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സരിത്ത് ഇങ്ങോട്ട് വിളിച്ചതിനേക്കാല്‍ കൂടുതല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് അങ്ങോട്ട് വിളിച്ചത്. ഇതെല്ലാം സാധാരണ സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി രാഷ്ട്രീയ മര്യാദ കാണിക്കണം. ജനങ്ങളോട് ഉത്തരം പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയ സാദാചാരവും മര്യാദയും പുരപ്പുറത്ത് കയറി പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. രാജിവെച്ച് മര്യാദ കാണിക്കണം. വരും ദിവസങ്ങളില്‍ ബി.ജെ.പിയും പാര്‍ട്ടിയുടെ മറ്റ് പോഷക സംഘടനകളും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദന്‍ അറിയിച്ചു.

FOLLOW US: pathram online

pathram:
Related Post
Leave a Comment