കോവിഡ് വാക്‌സിനായി ജീവന്‍ പണയം വച്ച് മുന്നോട്ട് വന്ന ഇന്ത്യന്‍ വംശജന്‍

ലോകമെമ്പാടും കോവിഡ്-19 ന് വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. പല വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ വാക്സിന്‍ വികസനത്തില്‍ ശാസ്ത്രജ്ഞരെ പോലെ തന്നെ കയ്യടി അര്‍ഹിക്കുന്ന ഒരു വിഭാഗമുണ്ട്. വാക്സിന്‍ പരീക്ഷണത്തിനായി സ്വന്തം ജീവന്‍ തന്നെ പണയം വച്ച് മുന്നോട്ട് വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍.

പരീക്ഷിക്കാന്‍ ആളില്ലെങ്കില്‍ വാക്‌സിനുമില്ല, വൈറസിന് പ്രതിവിധിയുമില്ല. ലോകമെമ്പാടും ആയിരക്കണക്കിന് പേരാണ് വിവിധ വാക്‌സിനുകളുടെ പരീക്ഷണത്തിനായി സ്വന്തം ശരീരം വിട്ടു നല്‍കുന്നത്. യുകെ പൗരനായ ഇന്ത്യന്‍ വംശജന്‍ ദീപക് പലിവാളും അത്തരത്തിലൊരു കോവിഡ് പോരാളിയാണ്.

കോവിഡ് വാക്‌സിന്‍ ട്രയലുകളില്‍ നിലവില്‍ മുന്‍പന്തിയിലുള്ള ഓക്‌സഫഡ് സര്‍വകലാശാലയുടെ ChAdOx1 nCoV-1 വാക്‌സിന്റെ പരീക്ഷണത്തിന് വേണ്ടിയാണ് ദീപക് വോളന്റിയറായത്. യുകെയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന രണ്ടാം ഘട്ട പരീക്ഷണത്തില്‍ ദീപക് അടക്കം 1000 പേരാണ് പങ്കെടുത്തത്.

ഭാര്യയുമൊത്ത് ലണ്ടനില്‍ താമസിക്കുന്ന ദീപക് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍സല്‍ട്ടന്റ് ആണ്. സുഹൃത്തുക്കളില്‍ ഒരാളാണ് മരുന്ന് പരീക്ഷണത്തിന് വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് അറിയിച്ചത്. കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ഭാര്യയ്ക്ക് ആദ്യം സമ്മതമല്ലായിരുന്നു. പക്ഷേ, ഏപ്രില്‍ 16ന് നടന്ന സ്‌ക്രീനിങ്ങില്‍ ദീപക് പങ്കെടുത്തു. പരീക്ഷണത്തിന് മുന്‍പ് പൂര്‍ണമായ ചെക്കപ്പ് നടത്തി. പരീക്ഷണത്തിന്റെ അപകട സാധ്യതകളെ കുറിച്ചും ദീപക് അടക്കമുള്ളവരെ ബോധ്യപ്പെടുത്തി. അവയവങ്ങള്‍ക്ക് നാശം, മരണം എന്നിങ്ങനെ എന്തും സംഭവിക്കാമെന്ന് ഓക്‌സ്ഫഡിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

പക്ഷേ, ദീപക് ധൈര്യപൂര്‍വം മുന്നോട്ട് പോയി. ഭാര്യ, അമ്മ, സഹോദരി, കുടുംബാംഗങ്ങള്‍ എന്നിവരുടെ കാര്യമോര്‍ത്ത് തെല്ലൊരു ആശങ്കയുണ്ടായിരുന്നെങ്കിലും അതൊന്നും ഈ ഉദ്യമത്തില്‍ നിന്ന് ദീപക്കിനെ പിന്തിരിപ്പിച്ചില്ല. 2020 മെയ് 11നാണ് ദീപക്കിന്റെ ശരീരത്തില്‍ വാക്‌സിന്‍ കുത്തി വയ്ക്കുന്നത്. രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വാക്‌സിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിന്റെ ഭാഗമായി ചെറിയ പനിയും വിറയലും വൈകുന്നേരം ഉണ്ടായി. കുത്തി വച്ചയിടത്ത് ചെറിയ വേദനയും. മറ്റ് കുഴപ്പങ്ങളൊന്നും ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദീപക് ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ നില ഗവേഷകര്‍ നിരീക്ഷിച്ച് വരികയാണ്. ദീപകിനെ പോലെയുള്ള നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെ ആത്മാര്‍പ്പണം കൂടിയാണ് ഓരോ വാക്‌സിന്റെ പിന്നിലെയും ശക്തി.

FOLLOW US pathramonline

pathram desk 1:
Related Post
Leave a Comment