കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കി ; വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്. ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കിയെന്ന് സംശയിക്കുന്നുണ്ട്.

സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കിയെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. തിരുവനന്തപുരത്ത് ഫ്ളാറ്റ് ബുക്ക് ചെയ്ത് പ്രതികളുമായി പലപ്പോഴും കൂടിക്കാഴ്ച നടത്തി. മുറി എടുത്തത് എന്തിനെന്ന കസ്റ്റംസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയല്ല ശിവശങ്കര്‍ നല്‍കിയത്. സരിത്തും സ്വപ്നയും അടുത്ത സുഹൃത്തുക്കളെന്നാണ് ശിവശങ്കര്‍ പറഞ്ഞ മറ്റൊരു കാര്യം. വെറും മൂന്ന് മാസം മാത്രം പരിചയമുള്ള സരിത്തുമായി അടുത്ത ബന്ധം എങ്ങനെ വന്നുവെന്ന ചോദ്യത്തിനും കൃത്യമായ മറുപടിയല്ല നല്‍കിയത്. മൊഴിയില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ഇന്നലെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയ ശേഷം കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്തു.

FOLLOW US pathramonline

pathram:
Related Post
Leave a Comment