ഫൈസല്‍ ഫരീദ് നാട്ടില്‍ തനി സാധാരണക്കാരന്‍..ബാങ്ക് ജപ്തി നേരിടുന്ന യുവാവ്; വിദേശത്ത് വന്‍ ബിസിനസും ആഡംബര കാറുകളുടെ വര്‍ക്ക്ഷോപ്പും

തൃശൂര്‍: ചില സിനിമകളില്‍ കാണുന്ന പോലെയാണ് ഫൈസല്‍ ഫരീദ് . ഇരട്ട മുഖം.നാട്ടിലെ പെരുമാറ്റത്തില്‍ വെറും സാധാരണക്കാരന്‍. നാട്ടില്‍ ബാങ്ക് ജപ്തി നേരിടുന്ന യുവാവ്.

ഫൈസലിനെ സ്വര്‍ണക്കടത്തില്‍ കണ്ണിചേര്‍ത്ത് വാര്‍ത്ത വരുമ്പോള്‍ നാട്ടുകാര്‍ അമ്പരപ്പിലാണ്. യു.എ.ഇയില്‍ മുനിസിപ്പല്‍ വനക്കാരനായിരുന്നു പിതാവ് ഫരീദ്. ഫൈസല്‍ പത്താം ക്ലാസില്‍ തോറ്റതോടെ പിതാവ് ഗള്‍ഫിലേക്കു കൊണ്ടുപോയി. അവിടെ പഠിക്കുന്നതിനിടെ അറബിയടക്കം പല ഭാഷകള്‍ സ്വായത്തമാക്കി. ബഹുഭാഷാ മികവ് ഉപയോഗപ്പെടുത്തി വന്‍കിട കമ്പനികളുടെ പി.ആര്‍.ഒയായി ജോലി ചെയ്തു; സ്വപ്നയെപ്പോലെ!

ഇളയ മൂന്ന് സഹോദരങ്ങളുടേയും പഠനവും സംരക്ഷണവും വിവാഹച്ചെലവുകളും ഏറ്റെടുത്ത് നടത്തിയ െഫെസല്‍ നാട്ടിലെ യുവാക്കള്‍ക്കു മാതൃകയായിരുന്നു. സഹോദരങ്ങളും ദുബായിലാണ്. പത്തു വര്‍ഷം മുമ്പ് പിതാവ് ഫരീദ് നാട്ടില്‍ തിരിച്ചെത്തി. കാന്‍സര്‍ ബാധിതനായതോടെ പിതാവിനെ ഫൈസല്‍ ദുബായിലേക്കു കൊണ്ടുപോയി. കഴിഞ്ഞ മാര്‍ച്ച് 31ന് മരിച്ചു. തൃശൂരില്‍നിന്ന് 47 കിലോമീറ്റര്‍ അകലെ കയ്പമംഗലം മൂന്നുപീടിക അങ്ങാടിയില്‍ നിന്ന് അരക്കിലോമീറ്റര്‍ മാറി ബീച്ച് റോഡിലാണ് ഫൈസല്‍ പുതുതായി നിര്‍മിച്ച വീട്.

പിതാവിന്റെ പേരിലുള്ള ഈ വീടും പറമ്പും ഈടായിവച്ച് സമീപത്തെ സഹകരണബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ല. പിഴപ്പലിശയടക്കം 45 ലക്ഷം രൂപയുടെ ബാധ്യത. ബാങ്ക് ജപ്തി നടപടി തുടങ്ങിയെങ്കിലും രോഗാവസ്ഥ വിവരിച്ച് ഫരീദ് നല്‍കിയ അപേക്ഷ പരിഗണിച്ച് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. സമ്പന്നനെന്ന് പുറത്തറിയിക്കാതിരിക്കാനായാണു െഫെസല്‍ നാട്ടിലെ സ്വത്തുവകകള്‍ കടപ്പെടുത്തിയതെന്ന് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നു.

മുതിര്‍ന്നവരോടു ബഹുമാനത്തോടെ പെരുമാറുന്ന യുവാവായാണ്‌ െഫെസലിനെ കണ്ടിട്ടുള്ളതെന്ന് അയല്‍വാസിയും മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയുമായ താജുദ്ദീന്‍ പറഞ്ഞു. െഫെസലിനു പ്രത്യക്ഷ രാഷ്ട്രീയമില്ല. നാട്ടിലെത്തുമ്പോള്‍ പരമാവധി രണ്ടാഴ്ചയേ നില്‍ക്കാറുള്ളൂ. പഴയ സഹപാഠികള്‍ മാത്രമാണ് ഇപ്പോഴും സൗഹൃദവലയത്തിലുള്ളത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ കൂട്ടുകാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫൈസല്‍ ചിരിച്ചുതള്ളുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

ഇപ്പോള്‍ ഫൈസലുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ആഡംബര കാറുകളുടെ വര്‍ക്ക്ഷോപ്പ് അടക്കമുള്ള ബിസിനസാണ് പുതുതായി ഫൈസല്‍ ഗള്‍ഫില്‍ തുടങ്ങിയത്. നാട്ടിലെത്തിയാല്‍ കാര്‍ വാടകയ്ക്കെടുത്ത് ഉപയോഗിക്കാറാണ് പതിവ്. വിദേശത്ത് കാറോട്ടം ഹരമാണെങ്കിലും നാട്ടിലെത്തിയാല്‍ സാവധാനമാണു ഡ്രൈവിങ്. ഇക്കഴിഞ്ഞ വരവില്‍ മഹീന്ദ്ര ധാര്‍ ജീപ്പ് വാങ്ങിയിരുന്നു. അതിപ്പോഴും ഇവിടെയുണ്ട്.

FOLLOW US pathramonline

pathram:
Leave a Comment