സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ കേരളം വിടാന്‍ പോലീസ് സഹായിച്ചെന്ന ആരോപണം മുറുകുന്നതിനിടെ സ്വപ്‌നയ്ക്കായി നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസെടുത്താല്‍ മാത്രമേ കഴിഞ്ഞ നാലു വരെ അതിര്‍ത്തി കടക്കാന്‍ കഴിയുമായിരുന്നുള്ളൂ.
അഞ്ചിന് ഈ നിബന്ധന പോര്‍ട്ടലില്‍നിന്നു നീക്കി. സ്വര്‍ണം പിടിച്ച അഞ്ചിനുതന്നെ സ്വപ്‌ന തിരുവനന്തപുരം നഗരത്തില്‍നിന്നു കടന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അഞ്ചിനു രാത്രി ഏഴിനാണു മുഖ്യമന്ത്രി തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അപ്പോഴേക്കും സ്വപ്‌ന നഗരപരിധി കടന്നിരുന്നു.
സ്വപ്‌നയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 01 സി.ജെ.1981 നമ്പര്‍ കാറിനാണ് ഓണ്‍െലെനായി തമിഴ്‌നാട്ടിലേക്കുള്ള എന്‍ട്രി പാസ് സംഘടിപ്പിച്ചത്. കേരളം വിടുന്നതിനു പാസ് നിര്‍ബന്ധമല്ലെന്ന് അറിഞ്ഞതോടെ തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് പോര്‍ട്ടല്‍ മുഖേന പാസ് സംഘടിപ്പിച്ചെന്നാണു വിവരം. കേരളം വിടുന്നതിനു പാസ് വേണ്ടെങ്കിലും പ്രവേശിക്കുന്ന സംസ്ഥാനത്തെ അധികൃതര്‍ നല്‍കുന്ന എന്‍ട്രി പാസ് കാണിച്ചാല്‍ മാത്രമേ കേരളത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് കടത്തിവിടൂ. ചെക്ക്‌പോസ്റ്റില്‍ സ്വപ്‌നയ്ക്ക് ഉദ്യോഗസ്ഥരില്‍നിന്നു വഴിവിട്ട സഹായം ലഭിച്ചിരിക്കാമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
മറ്റു അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നതിന് ഇവിടെനിന്നുള്ള പാസ് വേണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യമെങ്കിലും തിങ്കളാഴ്ച കോട്ടയത്തുനിന്നു പോയ കുടുംബത്തെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ഈ വിഷയം ഉയര്‍ത്തിക്കാട്ടി.
follow us: PATHRAM ONLINE LATEST NEWS
Leave a Comment