കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ സി.ബി.ഐ. അന്വേഷണത്തിനു ശിപാര്‍ശ. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ 2018-ലെ അഴിമതി നിരോധന (ഭേദഗതി) നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനു നല്‍കിയ ശിപാര്‍ശ.
ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണമാണ് ആദ്യം പരിഗണിച്ചതെങ്കിലും ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നു വ്യക്തമായ വിവരം ലഭിച്ചതോടെയാണു സി.ബി.ഐ. അന്വേഷണത്തിനു കളമൊരുങ്ങിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കു ശിവശങ്കറുമായി ഉറ്റബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. സെക്രട്ടേറിയറ്റിനു സമീപത്തെ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ സ്വപ്‌നയും സന്ദീപും പലതവണ എത്തിയിട്ടുണ്ട്. ശിവശങ്കര്‍ ഇടപെട്ടു നടത്തിയ നിയമനങ്ങളെക്കുറിച്ചും വരവില്‍ കവിഞ്ഞ സ്വത്തുണ്ടോയെന്നും അന്വേഷണമുണ്ടാകും.
ശിവശങ്കറിനെതിരേ കടുത്ത അച്ചടക്ക നടപടിയുണ്ടാകും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മറ്റന്നാള്‍ സര്‍ക്കാരിനു ലഭിക്കും. ഇദ്ദേഹത്തിനെതിരേ നിര്‍ണായക തെളിവുകള്‍ കസ്റ്റംസിനു ലഭിച്ചെന്നാണ് സൂചന. മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌പെഷല്‍ ഓഫീസര്‍ പദവിയിലെത്തിയശേഷമുള്ള മൂന്നുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്ര, സ്വത്തുവിവരം, നിക്ഷേപം തുടങ്ങിയവ പരിശോധിക്കും.
സ്വര്‍ണക്കടത്തിലെ സാമ്പത്തികക്കുറ്റം കസ്റ്റംസും തീവ്രവാദബന്ധം എന്‍.ഐ.എയും അന്വേഷിക്കുന്നതിനു പുറമേയാണു ശിവശങ്കറിനെതിരേ സി.ബി.ഐ. അന്വേഷണം വരുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്, റോ, കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് എന്നീ ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കേന്ദ്രതീരുമാനം വരുന്നതിനു മുമ്പ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു വിജിലന്‍സ് അന്വേഷണത്തിനും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാകും നടപടി. എന്‍.ഐ.എയും ശിവശങ്കറിനെ ചോദ്യംചെയ്യുമെന്നാണു സൂചന.
FOLLOW US: pathram online latest news
Leave a Comment