വിദേശ വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം ട്രംപ് പിന്‍വലിച്ചു

അമേരിക്കൻ സർവകലാശാലകളിൽ ക്ലാസുകൾ പൂർണമായും ഓൺലൈനായി മാറുന്നതോടെ വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ്‌ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. വിദേശവിദ്യാർഥികൾ അമേരിക്ക വിട്ടു പോകണമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഭരണകൂടം അറിയിച്ചത്.

ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാർവാർഡ്, മസ്സാച്ചുസെറ്റ്സ്, ജോൺസ് ഹോപ്കിൻസ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ മുൻനിര ടെക്നോളജി കമ്പനികളും കൂട്ടുചേർന്നതോടെയാണ് തീരുമാനമുപേക്ഷിച്ചു കൊണ്ട് തികച്ചും നാടകീയ നീക്കം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് വിദേശവിദ്യാർഥികൾക്ക് മേൽ പുതിയ താത്‌ക്കാലികവിസാനയം നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. പുനരാരംഭിക്കാനിരിക്കുന്ന പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സർവകലാശാലകൾ ഹർജിയിൽ വിശദമാക്കിയിരുന്നു. കൂടാതെ ട്യൂഷൻ ഫീസിനത്തിൽ ലഭിക്കുന്ന മികച്ച വരുമാനം നിലയ്ക്കുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ന്യൂജഴ്സി, കൊളറാഡോ, കൊളംബിയ ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ സർവകലാശാലകൾ നൽകിയ കേസുകളിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫെയ്സബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ കക്ഷി ചേർന്നിരുന്നു. പുതിയ വിസ നിർദേശങ്ങൾ റിക്രൂട്ടിങ് പദ്ധതികളെ തടസപ്പെടുത്തുമെന്ന് വാദിച്ചു കൊണ്ട് യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ഐടി അഡ്വക്കസി ഗ്രൂപ്പ് എന്നിവർ താത്‌ക്കാലിക നിരോധനം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലും കമ്പനികൾ പങ്കു ചേർന്നു.

സെപ്റ്റംബർ-ഡിസംബർ സെമസ്റ്ററിലെ പഠനം മുഴുവനായും ഓൺലൈനിലേക്ക് മാറ്റുന്ന സർവകലാശാലകളിലെ വിദേശവിദ്യാർഥികൾ അമേരിക്ക വിട്ടു പോകണണെന്നും അല്ലാത്തപക്ഷം നാടുകടത്തേണ്ടി വരുമെന്നും എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വിഭാഗവുംകഴിഞ്ഞ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment