കോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം.; പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ തൂണേരി പഞ്ചായത്തില്‍ സ്ഥിതി അതീവ ഗുരുതരം.
കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ടെസ്റ്റിന്റെ ഫലം പുറത്ത് വന്നു. തുണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ അടക്കം 53 പേരുടെ പരിശോധന ഫലം പോസിറ്റീവ്.

ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരികരണം പുറത്തു വന്നില്ലെങ്കിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു കോവിഡ് 19 പോസിറ്റീവായി സ്ഥിരികരിച്ച് കോഴിക്കോട് പഞ്ചായത്ത്‌ ഡെപ്യുട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്ത് വന്നു.

പഞ്ചായത്ത് കാര്യാലയം അടച്ചിടാനും നാളെ വൈകിട്ട് നാലു മണിക്കകം മുഴുവന്‍ പഞ്ചായത്ത് ജീവനക്കാരും കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നാണ് ഉത്തരവ്.

പഞ്ചായത്ത് കാര്യാലയം അടച്ചിട്ടു അണുനശീകരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. പേരോടിനടുത്തെ ഒരു മരണ വീട്ടില്‍ നിന്നാണ് രോഗ വ്യാപനം ഉണ്ടായതെന്ന് കരുതുന്നു.

തൂണേരി പിഎച്ച്‌സിയില്‍ ഇന്നലെ 327 പേരുടെ സ്രവമാണ് പരിശോധന നടത്തിയത്. തൂണേരിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ കെ പി സി തങ്ങള്‍ അടക്കമുള്ളവരുടെ ഫലം ഇന്നലെ നടത്തിയ പരിശോധനയില്‍ പോസിറ്റീവായി. കുടുംബാംഗങ്ങള്‍ അടക്കം നിരീക്ഷണത്തിലാണ്.

നാദാപുരം പുളിക്കൂല്‍ റോഡില്‍ കഴിഞ്ഞ ദിവസം ഗൃഹപ്രവേശം നടന്ന വീട്ടുടമയായ വ്യാപാരിയാണ് പോസിറ്റീവ് പട്ടികയിലെ മറ്റൊരാള്‍. ഇതോടെ, ചടങ്ങില്‍ പങ്കെടുത്തവരെ ക്വാറന്റീനിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് എടുക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.

നാദാപുരത്ത് ഒരു പഞ്ചായത്ത് വനിതാ മെംബറും വീട്ടുകാരും നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ രോഗ ബാധിതരാകുന്നതായി വ്യക്തമായതോടെ, ജനം പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസ് കര്‍ശന നടപടി തുടങ്ങി. പ്രധാന റോഡുകള്‍ അടക്കം അടച്ചു. ടൗണുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment