ഒരു വർഷത്തിനിടെ 100 കിലോയിലേറെ സ്വര്‍ണം കൊടുവള്ളിയിലേക്കു കടത്തി; സ്വര്‍ണക്കടത്തിന്റെ അന്വേഷണം അടുത്തഘട്ടത്തിലേക്ക്

നയതന്ത്രമാര്‍ഗം വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ അന്വേഷണം അടുത്തഘട്ടത്തിലേക്കു കടക്കുകയാണ്. ബെംഗളൂരുവില്‍ അറസ്റ്റിലായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും എന്‍ഐഎ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇവരില്‍നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണുകള്‍ അടക്കം വസ്തുക്കള്‍ ശാസ്ത്രീയ പരിശോധന നടത്തി കിട്ടുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാകും ഇനിയുള്ള അന്വേഷണം മുന്നോട്ടു പോകുക.

അതിനിടെ, കേരളത്തിലെ സ്വർണക്കടത്തിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നു കേരള പൊലീസ്. കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കൊടുവള്ളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എൻഐഎയ്ക്ക് റിപ്പോർട്ട് കൈമാറി. അഞ്ചു വർഷത്തിനിടെ നടന്ന സ്വർണ കടത്തുകൾ കേന്ദ്രീകരിച്ചു രഹസ്യാനേഷണ വിഭാഗം നൽകിയ റിപ്പോർട്ടുകൾ ക്രോഡീകരിച്ചാണ് പൊലീസ് റിപ്പോർട്ട് തയാറാക്കിയത്.

വിവിധ വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്. പകുതിയിലേറെ കേസിന്റെയും കണ്ണികൾ കൊടുവള്ളിയിലുണ്ട്. ഒരു വർഷത്തിനിടെ 100 കിലോയിലേറെ സ്വർണമാണു കൊടുവള്ളിയിലേക്കു കടത്തിയത്. സ്ത്രീകളെയും കുട്ടികളെയും സ്വർണം കടത്താൻ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ പിന്നിൽ തീവ്രസ്വഭാവമുള്ള ചില സംഘടനകളാണന്നും റിപ്പോർട്ടിലുണ്ട്. നൂറോളം പേരുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. എൻഐഎയ്ക്ക് ഇമെയിൽ വഴിയാണ് പൊലീസ് വിവരങ്ങൾ കൈമാറിയത്. അവർ ആവശ്യപ്പെടും മുൻപ് സ്വയം തയാറാക്കിയതാണ് റിപ്പോർട്ട്.

അതേസമയം കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാന്‍ നീക്കം തുടങ്ങി. ഫൈസലിനായി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ടി.കെ.റമീസിന്റെ പങ്ക് എന്‍ഐഎ അന്വേഷിച്ചു വരികയാണ്. റമീസിനെ പ്രതിചേര്‍ക്കുന്നതില്‍ ഇന്നു തീരുമാനമായേക്കും. ബെംഗളൂരുവില്‍ പിടിക്കപ്പെടുമ്പോള്‍ മഹസര്‍ എഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാനുള്ള നടപടികളും ഇന്നുണ്ടാകാന്‍ സാധ്യതയുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment