സ്വപ്‌നാ സുരേഷിന്റെ ‘റൂട്ട്മാപ്പ്’ തയാറാക്കാന്‍ എന്‍ഐഎ; വിവരങ്ങള്‍ ശേഖരിക്കാന്‍ സംഘം തലസ്ഥാനത്ത്

സ്വപ്നാ സുരേഷിന്റെയും സരിത്തിന്റെയും തലസ്ഥാനത്തെ ബന്ധങ്ങള്‍ തലനാരിഴ കീറി അന്വേഷിച്ച് എന്‍.ഐ.എ. സംഘം. ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍, ബിസിനസ് ഇടപാടുകള്‍, രാത്രി പാര്‍ട്ടികള്‍, യാത്രകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സംഘം തലസ്ഥാനത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

സ്വപ്നയുടെ കുടുംബാംഗങ്ങളെയും അകന്ന ബന്ധുക്കളെയും സമീപിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാര്‍ട്ടി, ഇതിനിടെയുണ്ടായ സംഘര്‍ഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും തിരയുന്നുണ്ട്. സ്വപ്ന ജോലിചെയ്തിരുന്ന സ്‌പേസ് പാര്‍ക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു.

ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിപുലമായ സൗഹൃദമാണ് സ്വപ്നയ്ക്കുള്ളത്. കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന സമയത്താണ് ഈ സൗഹൃദങ്ങള്‍ ബലപ്പെട്ടത്. ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം.

സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ട്. ആരോപണവിധേയരായവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കുകയാണ് ലക്ഷ്യം.

എയര്‍ഇന്ത്യാ സാറ്റ്‌സില്‍ ജോലിചെയ്ത സമയത്ത് സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്നവരെയും അന്വേഷണസംഘം സമീപിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് സ്വപ്ന മേലുദ്യോഗസ്ഥന്റെ പേരില്‍ വ്യാജപരാതി നല്‍കിയത്. സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്ക് പങ്കുണ്ടെന്നു പറഞ്ഞ് മുന്‍കാല സഹപ്രവര്‍ത്തക മെറിന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ പുതിയ വീട് നിര്‍മിക്കാന്‍ കരാര്‍ ഏറ്റെടുത്തവരില്‍നിന്നും വിവരം ശേഖരിച്ചു. നഗരസഭയില്‍നിന്നും രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്നുള്ള വിവരങ്ങളും എടുത്തു. സ്വര്‍ണക്കടത്തിലെ പങ്കാളികള്‍, സാമ്പത്തിക നിക്ഷേപങ്ങള്‍ എന്നിവയാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment