ബംഗളൂരു ഇന്നുമുതല്‍ അടച്ചിടും

ബംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബെംഗളൂരു ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണിലേക്ക് ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിക്കുന്ന ലോക്ഡൗണുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ജൂലൈ 14ന് രാത്രി എട്ട് മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ച് വരെയായിരിക്കും ലോക്ഡൗണ്‍. നേരത്തെ ഷെഡ്യൂള്‍ ചെയ്ത ഫ്‌ളെറ്റുകളും ട്രെയിനുകളും സര്‍വ്വീസ് നടത്തും. ഈ അവസരത്തില്‍ യാത്രക്കാരുടെ ടിക്കറ്റുകളെ പാസായി പരിഗണിക്കും. അനുവദിച്ചിട്ടുള്ള അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമെ സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കൂ.

തുറന്ന് പ്രവര്‍ത്തിക്കുന്നത് ഇവയാണ്- .

നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മേഖലകളില്‍ പാല്‍, പലചരക്ക്, പച്ചക്കറി തുടങ്ങിയ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ അഞ്ച് മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ തുറക്കാം. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കാനായി ഹോം ഡെലിവറി അനുവദിക്കും. സെക്രട്ടറിയേറ്റ് ഓഫീസുകളായ വിധാന്‍ സൗധയും വികാസ് സൗധയും 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
സെറ്റില്‍ തൊഴിലാളികള്‍ ലഭ്യമാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാം. വൈദ്യുതി, വെള്ളം, എല്‍പിജി എന്നീ ആവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും.

അടച്ചിടുന്നവ- ബസ്, മെട്രോ, ടാക്‌സി മുതലായ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും അടച്ചിടും. ഹോട്ടലുകള്‍ തുറക്കാമെങ്കിലും ഇരുന്നു കഴിക്കല്‍ അനുവദനീയമല്ല. ടേക്ക് എവേ, ഹോം ഡെലിവറി എന്നിവ മാത്രമെ അനുവദിക്കു. ആവശ്യസേവനങ്ങള്‍ നല്‍കുന്നതൊഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കും. ആവശ്യസേവനങ്ങള്‍ക്കായി പോകുന്നവര്‍ക്ക് തൊഴിലിടത്തിലെ ഐടി കാര്‍ഡ് ഉപയോഗിക്കാം. കായിക സമുച്ചയങ്ങള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ എന്നിവ അടയ്ക്കും. സിനിമാ തിയറ്ററുകളും മാളുകളും തുറക്കില്ല. ആരാധനാലയങ്ങള്‍ തുറക്കില്ല.

FOLLOW US: pathram online

pathram:
Leave a Comment