ഇന്നലെ രാത്രി ഉന്നത ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി ക്രമം മറികടന്ന് സന്ദീപ് നായരെ കണ്ടു: രാത്രി 9ന് എത്തിയ ഉദ്യോഗസ്ഥന്‍ മടങ്ങിയത് 12മണിക്ക്

സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി ക്രമം മറികടന്ന് അങ്കമാലി കറുകുറ്റിയിലെ ഫസ്റ്റ്ലൈന്‍ ചികിത്സാകേന്ദ്രത്തില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ഞായറാഴ്ച മട്ടാഞ്ചേരി ജയില്‍ സൂപ്രണ്ടിനു നിശ്ചയിക്കപ്പെട്ടിരുന്ന റൗണ്ട് ചെക്കിങ് ഡ്യൂട്ടി ഒഴിവാക്കിയാണു എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീശന്‍ സന്ദര്‍ശനം നടത്തിയത്.

രാത്രി 9ന് എത്തിയ ജഗദീശന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം 12നാണു പുറത്തിറങ്ങിയത്. ജയില്‍ ഡിജിപിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് താന്‍ അവിടെ പോയതെന്നു ജഗദീശന്‍ പറഞ്ഞു. എന്നാല്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയില്ല.

റിമാന്‍ഡ് തടവുകാരെയും പരോള്‍ കഴിഞ്ഞെത്തുന്നവരെയും കോവിഡ് പരിശോധനാഫലം വരുന്നതുവരെ താമസിപ്പിക്കുന്ന എറണാകുളം ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമാണു കറുകുറ്റിയിലേത്. എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത സന്ദീപ് നായരെ ഞായറാഴ്ച സന്ധ്യയോടെയാണ് ഇവിടെയെത്തിച്ചത്. ഇതിനു പിന്നാലെയായിരുന്നു സന്ദര്‍ശനം. ജില്ലയിലെ ഓഫിസര്‍ റാങ്കിലുള്ള ജയില്‍ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി ക്രമപ്രകാരം മാസത്തില്‍ ഒരു ദിവസം ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം സന്ദര്‍ശിക്കണമെന്നു ജയില്‍ ഡിജിപി ഉത്തരവിട്ടിരുന്നു.

ഞായറാഴ്ച മട്ടാഞ്ചേരി സൂപ്രണ്ടാണു സന്ദര്‍ശനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ വിളിച്ചു വിലക്കിയശേഷമാണ് ജഗദീശന്‍ നേരിട്ടെത്തിയതെന്നാണു വിവരം. തന്റെ അധികാരപരിധിയില്‍ വരുന്ന കേന്ദ്രത്തില്‍ തനിക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താമെന്നും മുന്‍പും ഇത്തരത്തില്‍ പോയിട്ടുണ്ടെന്നും ജഗദീശന്‍ പ്രതികരിച്ചു. മട്ടാഞ്ചേരി സൂപ്രണ്ട് അസൗകര്യമറിയിച്ചിരുന്നു. സന്ദീപ് നായര്‍ എത്തിയ പശ്ചാത്തലത്തില്‍, ജയില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരമാണു ഞായറാഴ്ച അവിടം സന്ദര്‍ശിച്ചത്.

follow us: PATHRAM ONLINE

pathram:
Leave a Comment