കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എന്‍ഐഎ. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകള്‍ ബാഗിലുണ്ട്. ബെംഗളൂരുവില്‍ പിടിക്കപ്പെടുമ്പോള്‍ മഹസര്‍ എഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി.
പ്രതികള്‍ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്‌തെന്നും എന്‍ഐഎ അറിയിച്ചു. സ്വര്‍ണം നേരിട്ട് ആഭരണ നിര്‍മാണത്തിനല്ല, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മൂന്നാം പ്രതി ഫൈസല്‍ ഫരീദാണു വ്യാജമുദ്ര നിര്‍മിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിനു പുറമേ മുന്‍പു 2 തവണ 9, 18 കിലോ വീതം കടത്തിയെന്നും പറഞ്ഞു.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കൂടുതല്‍ ചോദ്യം ചെയ്യലിനു സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ജൂലൈ 21 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.ടി.റമീസിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി 27 വരെ റിമാന്‍ഡ് ചെയ്ത് അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീഷണ കേന്ദ്രത്തിലാക്കി. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റമീസിന്റേതാണെന്നാണ് നിഗമനം.
കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസല്‍ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എന്‍ഐഎ ആവശ്യപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി.
അന്വേഷിക്കുന്നത് ഫൈസല്‍ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു. കൊച്ചി സ്വദേശി ‘ഫാസില്‍ ഫരീദ്’ എന്നാണു കേസിന്റെ ആദ്യ റിപ്പോര്‍ട്ടുകളില്‍ കസ്റ്റംസും എന്‍ഐഎയും രേഖപ്പെടുത്തിയിരുന്നത്.
follow us pathramonle
Leave a Comment