കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകളെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. സ്വർണക്കടത്തിന് മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ക്യാരിയർമാരായി ഉപയോഗിക്കുന്നു. സ്വർണം അതിർത്തി കടത്തുന്ന ഏജന്റുമാർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എൻഐഎയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ.
കഴിഞ്ഞ നാലു വർഷമായി സംസ്ഥാന ഇന്റലിജൻസ് സ്വർണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടായി എൻഐഎയ്ക്ക് സമർപ്പിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വരുന്ന സ്വർണം തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന എൻഐഎയുടെ നിഗമനത്തെ ശരിവയ്ക്കുന്നതാണ് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടും.
മലബാർ കേന്ദ്രീകരിച്ച് സ്വർണക്കടത്തിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നു. സ്വർണം മറ്റ് സംസ്ഥാനങ്ങളിലേക്ക് നീക്കുന്നത് സംബന്ധിച്ചും, പണമിടപാട് സംബന്ധിച്ചുമുള്ള ഗൂഡാലോചനകൾ നടക്കുന്നത് കൊടുവള്ളിയിലാണ്. പ്രതിവർഷം ആയിരം കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്യാരിയർമാരായി സ്ത്രീകളെയും കുട്ടികളെയും വരെ ഉപയോഗിക്കുന്നു എന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കുട്ടികളെയും, സ്ത്രീകളെയും തിരഞ്ഞെടുത്ത് റിക്രൂട്ട് ചെയ്യുന്നത് മലബാറിലുള്ള സ്ത്രീയാണ്. ഇവർ ക്യത്യമായ ഇടവേളകളിൽ ഗൾഫ് യാത്രകൾ നടത്തുന്നു.സ്വർണം അതിർത്തി കടത്താൻ പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നുവെന്നും, ഏജന്റുമാർക്ക് കേരളത്തിൽ രാഷ്ട്രീയ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേരളത്തിലും, തമിഴ് നാട്ടിലും നടന്ന കുറ്റകൃത്യങ്ങൾക്ക് സ്വർണക്കടത്ത് റാക്കറ്റിന് ബന്ധമുണ്ടെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് സ്വർണക്കടത്ത് കേസിൽ സജീവമായ മുന്നൂറിലധികം പേരുടെ പട്ടിക നേരത്തെ ഐ.ബി എൻഐഎയ്ക്ക് കൈമാറിയിരുന്നു.
Follow us on pathram online latest news
Leave a Comment