മാസ്‌ക് ധരിക്കാതെ കറങ്ങിയ എംഎല്‍എയുടെ മകനെ തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റി; പ്രതിഷേധം പുകയുന്നു

സൂറത്ത്: ഗുജറാത്തില്‍ കോവിഡ് കര്‍ഫ്യു ലംഘിച്ച് മാസ്‌ക് ധരിക്കാതെ കറങ്ങിയ ബിജെപി എംഎല്‍എയുടെ മകനെയും സുഹൃത്തിനെയും തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം പുകയുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വരച്ചറോഡ് എംഎല്‍എയും ആരോഗ്യസഹമന്ത്രിയുമായ കുമാര്‍ കനാനിയുടെ മകന്‍ പ്രകാശ് കനാനിയുടെ രണ്ടു സുഹൃത്തുക്കളുമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കാറിലെത്തിയത്. സുനിതാ യാദവ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞതോടെ ഇവര്‍ എംഎല്‍എയുടെ മകനെ വിളിച്ചുവരുത്തി.

.പിതാവിന്റെ കാറില്‍ സ്ഥലത്തെത്തിയ പ്രകാശ്, സുനിതയോടു തട്ടിക്കയറി. ലോക്ഡൗണ്‍ ആണെന്നും മാസ്‌ക് ധരിക്കാതെയാണു സുഹൃത്തുക്കള്‍ പോകുന്നതെന്നും സുനിത ചൂണ്ടിക്കാട്ടിയതോടെ ഭീഷണിയായി. 365 ദിവസവും നിങ്ങളെ ഇതേ സ്ഥലത്തുതന്നെ നിര്‍ത്തുമെന്ന് പ്രകാശ് ഭീഷണിപ്പെടുത്തി. എന്നാല്‍ താന്‍ ആരുടെയും അടിമയല്ലെന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്നും സുനിത തിരിച്ചടിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഞായറാഴ്ച പ്രകാശിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്നാണ് സുനിതയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൂറത്ത് പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. സംഭവത്തിനു ശേഷം അവധിയില്‍ പ്രവേശിച്ച സുനിത ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

pathram desk 1:
Related Post
Leave a Comment