സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ നിന്നും മാസം മുറിച്ചെടുക്കില്ല; മതംമാറിയാല്‍ വധശിക്ഷയില്ല; അമുസ്ലീങ്ങള്‍ക്ക് മദ്യപിക്കാം; സുഡാനില്‍ ഇനി കാടന്‍ നിയമങ്ങള്‍ ഇല്ല

സുഡാനില്‍ ഏകാധിപതി ഒമാര്‍ അല്‍ ബാഷറിന് കീഴില്‍ നില നിന്നിരുന്ന കാടന്‍ നിയമങ്ങള്‍ ഇനിയില്ല. നാല് ദശകത്തോടടുക്കുന്ന കിരാത നിയമങ്ങള്‍ സുഡാനിലെ പുതിയ കാവല്‍ സര്‍ക്കാര്‍ എടുത്തുമാറ്റി. സുഡാനിലെ ഔദ്യോഗിക മതമായ ഇസ്‌ളാമില്‍ നിന്നും മതം മാറുന്നതിനും മദ്യപിക്കുന്നതിനും ഉണ്ടായിരുന്ന കടുത്ത ശിക്ഷകള്‍ എടുത്തു കളഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് മുന്‍ നിര്‍ത്തി നിര്‍ബ്ബന്ധിതമായി നടത്തിയിരുന്ന ചേലാകര്‍മ്മവും എടുത്തുമാറ്റി.

വര്‍ഷങ്ങള്‍ നീണ്ട പാരമ്പര്യത്തിന് ശേഷമാണ് സുഡാന്‍ സാമൂഹ്യ നവീകരണം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ നിന്നും മാസം മുറിച്ചെടുക്കുന്ന ആചാരം സുഡാനി സമൂഹത്തിനിടയില്‍ ഉണ്ടായിരുന്നു. മതവുമായി ബന്ധപ്പെടുത്തി ഇക്കാലത്തും തുടരുന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. പുരുഷന്മാരിലെ സുന്നത്തിന് സമാനമായി സ്ത്രീകളില്‍ നടത്തിയിരുന്ന ആചാരം രാജ്യത്തെ 15 നും 49 നും ഇടയില്‍ പ്രായമുള്ള 87 ശതമാനം സ്ത്രീകളിലും നടന്നിട്ടുണ്ട്. ലൈംഗികാവയവത്തിന് മുകളിലെ ത്വക്ക് മുറിച്ചെടുക്കുന്ന ആചാരമാണിത്.

രാജ്യത്തെ പത്തില്‍ ഒമ്പത് കുട്ടികളിലും നടത്തിയിരുന്ന ചേലാകര്‍മ്മം അവരുടെ രഹസ്യഭാഗത്ത് അണുബാധയ്ക്കും മൂത്ര സംബന്ധിയായ അസുഖങ്ങള്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, ലൈംഗിക വേളയില്‍ വേദന പോലെയുള്ള അനേകം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് സുഡാനിലെ പുതിയ ഭരണാധികാരി അബ്ദള്ളാ ഹാംദോക്ക് എടുത്തു മാറ്റിയത്. ഇക്കാര്യം അദ്ദേഹം സ്‌റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. അതുപോലെ തന്ന കുടുംബത്തോടൊപ്പം പുറത്ത് പോകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് വേണമെന്നതും അധികം താമസിയാതെ തന്നെ എടുത്തു കളയും.

ചേലാകര്‍മ്മം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും ഇനി അത് നടത്തിയാല്‍ മൂന്ന് വര്‍ഷം തടവ് അര്‍ഹിക്കുന്ന ശിക്ഷയയായിരിക്കുമെന്നും പുതിയ പ്രസ്താവനയില്‍ പറയുന്നു. ഇതിനൊപ്പം ഇസ്‌ളാമതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് മാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണവും കളഞ്ഞു. 97 ശതമാനം പേരും ഇസ്‌ളാമതത്തില്‍ വിശ്വസിക്കുന്ന സുഡാനില്‍ മതംമാറ്റം ക്രിമിനല്‍ കുറ്റമായി പരിഗണിച്ചിരുന്നു. മതം മാറിയാല്‍ വധശിക്ഷയോ ചാട്ടവാറടിയോ ആയിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഈ നിയമവും എടുത്തുമാറ്റി. രാജ്യത്ത് അനിസ്‌ളാമികളെയും അടിച്ചേല്‍പ്പിച്ചിരുന്ന മദ്യ നിരോധനവും എടുത്തുകളഞ്ഞു. രാജ്യത്തെ മുസ്‌ളീങ്ങള്‍ക്കൊപ്പം രണ്ടു ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്കും മദ്യ നിരോധനം ബാധകമായിരുന്നു. ഗോപ്യമായിട്ട് പോലും മദ്യപിച്ചതായി തെളിഞ്ഞാല്‍ അന്യ മതക്കാര്‍ക്കും ശിക്ഷ ഉറപ്പായിരുന്നു. എന്നാല്‍ ഇതും ഇനി അപ്രസക്തമായി.

1983 ല്‍ മുന്‍ പ്രസിഡന്റ് ജാഫര്‍ നിമേയ്‌രിയാണ് മദ്യനിരോധനം ഉള്‍പ്പെടെ കടുത്ത ഇസ്‌ളാമിക നിയമം രാജ്യത്ത് നടപ്പാക്കിയത്. തലസ്ഥാനമായ ഖാര്‍ത്തോമില്‍ തന്റെ വിസ്‌കി കുപ്പികള്‍ നൈല്‍ നദിയില്‍ ഏറിഞ്ഞു കളഞ്ഞായിരുന്നു അന്ന് അദ്ദേഹം നിരോധനം പ്രഖ്യാപിച്ചത്. പിന്നാലെ ഭരണം ഏറ്റെടുത്ത സ്വേച്ഛാധിപതി ഒമര്‍ അല്‍ ബാഷിര്‍ ഈ നിയമങ്ങള്‍ തുടരുകയും ചെയ്തു. അതോടെ അനിസ്‌ളാമികള്‍ മുന്ന് ശതമാനം മാത്രമുള്ള സുഡാനില്‍ മദ്യം കുടിക്കണമെങ്കിലും വില്‍ക്കണമെങ്കിലും ക്രിസ്ത്യാനികള്‍ക്ക് അതിര്‍ത്തി വിടേണ്ടി വരുമായിരുന്നു. ഇനി മുതല്‍ അമുസ്‌ളീങ്ങള്‍ക്ക് ഭയന്ന് സ്വകാര്യമദ്യപാനം നടത്തേണ്ടി വരില്ലെന്ന് നിയമമന്ത്രി നസ്രേദീന്‍ അബ്ദുള്‍ ബാരി പറഞ്ഞു. എന്നാല്‍ മുസ്‌ളീങ്ങള്‍ക്ക് മദ്യ നിരോധനം തുടരുന്നു. നിയമലംഘനം അവര്‍ നടത്തിയാല്‍ ഇസ്‌ളാമിക നിയമം അനുസരിച്ച് ശിക്ഷിക്കും.

സുഡാനില്‍ മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ ദീര്‍ഘകാലം നടന്ന വംശീയ കലാപം നടന്നിരുന്നു. അനേകം ജീവനുകള്‍ നഷ്ടമാകുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 22 വര്‍ഷത്തോളം നീണ്ട പോരാട്ടം അവസാനിച്ചത് ക്രിസ്ത്യാനവികള്‍ കുടുതലുള്ള ഭാഗം വേര്‍തിരിച്ച് ദക്ഷിണ സുഡാന്‍ എന്ന രാജ്യം ഉണ്ടാക്കിയതോടെയാണ്. ദക്ഷിണ സുഡാന്‍ അതിര്‍ത്തിയിലെ ന്യൂബാ പര്‍വ്വതത്തിലും തലസ്ഥാനമായ ഖാര്‍ട്ടോമിലുമാണ് ക്രിസ്ത്യാനികള്‍ കൂടുതലുള്ളത്. അതേസമയം ഒരു ശതമാനം ഇപ്പോഴും സുഡാനിലെ ആഫ്രിക്കന്‍ പാരമ്പര്യ വിശ്വാസം പിന്തുടരുന്നവരാണ്.

2019 വലിയ പ്രതിഷേധം അരങ്ങേറിയതിന് പിന്നാലെ ഏകാധിപധി ഒമര്‍ അല്‍ ബാഷിറിനെ ജനം താഴെയിറക്കിയതോടെയാണ് അബ്ദുല്‍ബാരി യുടെ നേതൃത്വത്തിലുള്ള കാവല്‍ഭരണം വന്നത്. സുഡാനെ ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും നവീകരണത്തിലേക്കും നയിക്കുമെന്നാണ് പുതിയ പ്രധാനമന്ത്രിയുടെ വാഗ്ദാനം. സ്ത്രീകളുടെ വസ്ത്ര ധാരണവും പെരുമാറ്റവും സംബന്ധിച്ച കാരയത്തില്‍ ബാഷിര്‍ ഭരണത്തിന് കീഴില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമം 2019 നവംബര്‍ – ഡിസംബറില്‍ നിയമമന്ത്രാലയം പിന്‍വലിച്ചു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment