കോവിഡ് ബാധ: ആറ് വര്‍ഷത്തിന് ശേഷം ഗര്‍ഭിണിയായ യുവതിയുടെ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ നഷ്ടമായി

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള യുവതിയുടെ നാലര മാസം പ്രായമുള്ള 3 ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്ക് 6 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുഞ്ഞുങ്ങളെയാണ് നഷ്ടപ്പെട്ടത്. ജിദ്ദയില്‍ നിന്നു നാട്ടിലെത്തിയ യുവതിയെ (24) ഈ മാസം 3ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8നു കോവിഡ് പോസിറ്റീവ് ആയി. ഇന്നലെ പുലര്‍ച്ചെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നു ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഗര്‍ഭം അലസിയതായി അറിയിച്ചു.

കോവിഡ് പരിശോധനയില്‍ കുഞ്ഞുങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. 3 കുഞ്ഞുങ്ങള്‍ ആയതിനാല്‍ ഗര്‍ഭപാത്രത്തിന്റെ വികാസം സങ്കീര്‍ണമാണെന്നും ജീവന് അപായ സാധ്യത ഏറെയാണെന്നും അധികൃതര്‍ പറഞ്ഞു. ദീര്‍ഘ യാത്രയും കോവിഡ് മൂലം ഉണ്ടാകുന്ന മാനസിക സമ്മര്‍ദവും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ജൂണില്‍ ആശുപത്രിയില്‍ 3 ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 2 നവജാത ശിശുക്കള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment