കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ. ബെംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബെംഗളൂരുവില്‍നിന്ന് തന്നെ എന്‍.ഐ.എ. സംഘം പിടികൂടുകയായിരുന്നു.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്-ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍.ഐ.എ. സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു.
അതേസമയം പ്രതികളുമായി എന്‍ഐഎ സംഘം കേരള അതിര്‍ത്തികടന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഒളിവില്‍ പോയി ആറ് ദിവസത്തിനിടെയാണ് കേസിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികള്‍ പിടിയിലാകുന്നത്. നിലവില്‍ കേസിലെ ഒന്നാം പ്രതി സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ എന്‍ഐഎ അഞ്ച് മണിക്കൂറോളം കൊച്ചിയിലെത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദാണ് ഇനി പിടിയിലാകാനുളളത്.
ഇയാള്‍ വിദേശത്താണെന്നാണ് സൂചന. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്യുന്നതിലൂടെ കളളക്കടത്തുമായി ബന്ധപ്പെട്ട ഉന്നതബന്ധങ്ങളും ഉറവിടവും ഉള്‍പ്പെടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
follow us pathramonline
Leave a Comment