സ്വപ്ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം കേരള അതിര്‍ത്തികടന്നു. സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സ്വപ്നയും സന്ദീപും കുടുങ്ങിയത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ബംഗളൂരുവിലെ കോറമംഗലയിലെ സൂധീന്ദ്ര റായ് എന്നയാളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വപ്നയും സന്ദീപും പിടിയിലായത്. ഹൈദരാബാദിലെ എന്‍ഐഎ യൂണീറ്റാണ് ഇരുവരെയും പിടികൂടിയത്

സ്വപ്നയ്‌ക്കൊപ്പം ഭര്‍ത്താവും രണ്ട് മക്കളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സ്വപ്നയും സന്ദീപും കുടുങ്ങിയത്. സന്ദീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വന്നതാണ് നിര്‍ണായകമായത്.

അഭിഭാഷകനാണ് വിളിച്ചതെന്നായിരുന്നു സഹോദരന്‍ കസ്റ്റംസിനോട് പറഞ്ഞത്. എന്നാല്‍ സന്ദീപാണ് വിളിച്ചതെന്ന് മനസ്സിലാക്കിയ കസ്റ്റംസ് എന്‍ഐഎയ്ക്ക് വിവരം കൈമാറുകയായിരുന്നു. അതിനിടെ സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണ്‍ ആയതും എന്‍ഐഎയ്ക്ക് ഇവരെ കണ്ടെത്താന്‍ എളുപ്പമായി.

സ്വപ്നയെയും സന്ദീപിനെയും ബംഗളൂരു മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങി കേരളത്തിലെത്തിക്കാനാണ് നീക്കം. ഇപ്പോള്‍ ഇരുവരെയും എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇവരുടെ ആരോഗ്യപരിശോധനയും പൂര്‍ത്തിയാക്കും.

സുരക്ഷാപ്രശ്‌നങ്ങള്‍ ഉളളതിനാല്‍ രാത്രിയാത്ര ഒഴിവാക്കുമെന്നാണ് വിവരം. ഒളിവില്‍ പോയി ആറ് ദിവസത്തിനിടെയാണ് കേസിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികള്‍ പിടിയിലാകുന്നത്. നിലവില്‍ കേസിലെ ഒന്നാം പ്രതി സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ എന്‍ഐഎ അഞ്ച് മണിക്കൂറോളം കൊച്ചിയിലെത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദാണ് ഇനി പിടിയിലാകാനുളളത്.

ഇയാള്‍ വിദേശത്താണെന്നാണ് സൂചന. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്യുന്നതിലൂടെ കളളക്കടത്തുമായി ബന്ധപ്പെട്ട ഉന്നതബന്ധങ്ങളും ഉറവിടവും ഉള്‍പ്പെടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

follow us pathramonline

pathram:
Leave a Comment