തെളിവുകള്‍ നശിപ്പിക്കും മുമ്പ് കസ്റ്റഡിയില്‍ എടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം; കീഴ് വഴക്കങ്ങള്‍ മാറ്റി വച്ച് എന്‍ഐഎയുടെ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെട്ടവര്‍ തെളിവുകള്‍ നശിപ്പിക്കും മുന്‍പു തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തതും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്തതും.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ള കളിയിക്കാവിള വെടിവയ്പു കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ചെന്നൈയില്‍ പോയിരിക്കെയാണ് ബെംഗളൂരുവില്‍ പ്രതികള്‍ അറസ്റ്റിലായത്. ഒരു കൂടിയാലോചനയ്ക്കും കാത്തുനില്‍ക്കാതെ ചടുലമായി നീങ്ങാന്‍ എന്‍ഐഎയ്ക്കു ഡല്‍ഹിയില്‍ നിന്നു കിട്ടിയ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു ഇത്.

സ്വപ്നയെ പിടികൂടാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് എന്‍ഐഎ പ്രതികളെ പിടിച്ചത്.ട്രിപ്പിള്‍ ലോക്ഡൗണുള്ള തിരുവനന്തപുരം നഗരത്തില്‍ നിന്ന് സ്വപ്നയും സംഘവും രക്ഷപെട്ടതെങ്ങനെ? അന്തര്‍ സംസ്ഥാന യാത്രാ പാസ് സംഘടിപ്പിച്ചതെങ്ങനെ എന്നീ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് അതിവേഗം മറ്റു ജില്ലകളിയേക്കു നേരിട്ട് എത്താന്‍ കഴിയാത്തതിനാല്‍ തല്‍ക്കാലം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. കഴിവതും വേഗം െതളിവുകള്‍ പരമാവധി ശേഖരിക്കാനാണ് വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഐഎ തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും അടക്കം സിസിടിവി ദൃശ്യങ്ങള്‍ വരുംദിവസങ്ങളില്‍ ശേഖരിക്കും. ഇവ നശിപ്പിച്ചാല്‍ വീണ്ടെടുക്കുന്നതിനുള്ള വിദഗ്ധരും എന്‍ഐഎയ്ക്കുണ്ട്.

സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ എന്‍ഐഎയ്ക്കു കൈമാറുമ്പോള്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ വൈകിയാണു കൈമാറാറ്. അതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ കാലതാമസമെടുക്കും. എന്നാല്‍, സ്വര്‍ണക്കള്ളക്കടത്തു കേസ് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസില്‍ നിന്ന് അതിവേഗം ഏറ്റെടുക്കാന്‍ എന്‍ഐഎയ്ക്കു കഴിഞ്ഞു. സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയതിനാല്‍ വിധി വരുംവരെ എന്‍ഐഎ കാത്തിരിക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.

പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സംസ്ഥാന പൊലീസ് കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കി കാത്തിരിക്കാറാണു പതിവ്. എന്നാല്‍ എന്‍ഐഎ ഈ കീഴ്വഴക്കവും മറികടന്നു. യുഎപിഎ അനുസരിച്ചു കേസെടുത്തതിനാല്‍ പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ ഹര്‍ജി ചൊവ്വാഴ്ചയാണ് കോടതിയില്‍ ഇനി എത്തുക. പ്രതികള്‍ അറസ്റ്റിലായെന്ന് അന്ന് കോടതിയെ അറിയിക്കും.

follow us pathramonline

pathram:
Leave a Comment