എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂര്‍ തികയും മുമ്പ് പൊക്കി; കുരുക്കിയത് ആ ഫോണ്‍ കോള്‍; സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളും

ബെംഗളൂരു: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ സംഘം പിടികൂടിയത് അതിവിദഗ്ധ നീക്കത്തിലൂടെ. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. എന്‍ഐഎ സംഘം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് സ്വപ്നയെയും സന്ദീപിനെയും വലയിലാക്കിയത്.

സ്വപ്നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നെന്നാണ് സൂചന. സ്വപ്നയുടെ മകള്‍ വിളിച്ച ഫോണ്‍ കോള്‍ ചോര്‍ത്തിയാണ് എന്‍ഐഎ ഇവരെ കുടുക്കിയത്. ഏഴ് ദിവസമായി ഒളിവില്‍ കഴിഞ്ഞതിനൊടുവില്‍ സ്വപ്നയെ കണ്ടെത്താനായത് കേസില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തിയത്.

കൊച്ചിയിലായിരുന്ന സ്വപ്നയും സന്ദീപും വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന. ഇവര്‍ക്ക് എങ്ങനെ ബെംഗളൂരുവിലേക്ക് പോകാന്‍ സാധിച്ചെന്ന് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരുടെയൊക്കെ സഹായം ലഭിച്ചെന്നതും അന്വേഷണവിധേയമാകും. സ്വപ്നയെയും സന്ദീപിനെയും ഞായറാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫിസിലേക്കു കൊണ്ട് വരുമെന്നാണ് വിവരം.

വ്യാഴാഴ്ചയാണ് സ്വര്‍ണക്കടത്തു കേസ് എന്‍ഐഎയെ ഏറ്റെടുത്ത്. കേസിലെ 4 പ്രതികള്‍ക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സ്വപ്നക്ക് അനുകൂലമായ വിധി വന്നാല്‍പോലും എന്‍ഐഎ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുന്നത് കാരണം അറസ്റ്റിന് തടസം ഉണ്ടായിരുന്നില്ല.

follow us pathramonline

pathram:
Related Post
Leave a Comment