സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടര്‍ന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരുമുള്ള സ്ഥലം സംബന്ധിച്ച് അന്വേഷണ സംഘത്തന് സൂചന നല്‍കിയതെന്നാണ് വിവരം.

അതേസമയം, കൊച്ചിയില്‍ സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ്. എന്‍ഐഎയും ഇപ്പോള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്. 2013 മുതല്‍ സന്ദീപ് നായര്‍ സ്വര്‍ണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല.

കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍. കസ്റ്റംസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്.

മറ്റൊരു പ്രതി സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം പ്രത്യേകസംഘം അന്വേഷിക്കാന്‍ സാധ്യത തെളിഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്താമെന്ന് നിയമോപദേശം ലഭിച്ചു. സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞിരുന്നു.

അതേസമയം സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടുന്നതിന് കേരള പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം അറിയിച്ചത്. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജി. പൂങ്കുഴലി അന്വേഷണസംഘത്തിന് നേതൃത്വം നല്‍കാന്‍ നിയോഗിച്ചത്.

പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനവും സംഘം നിര്‍വ്വഹിക്കും. സംസ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും ഡിജിപി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് എന്‍ഐഎ സംഘം സ്വപ്‌നയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത വാര്‍ത്ത് പുറത്തുവന്നത്.

follow us pathramonline

pathram:
Related Post
Leave a Comment