ഷംന കാസിം കേസില്‍ ഇത്രനാള്‍ പുറത്ത് വന്നത് ഒന്നുമല്ല സത്യം; താരത്തിന്റെ ഞെട്ടിക്കുന്ന മൊഴി

തിരുവനന്തപുരം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്താനും സിനിമാ താരങ്ങളെ സ്വാധീനിക്കാനും ശ്രമിച്ച സംഘത്തിന് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയമുയരുന്നു. കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇക്കാര്യവും പരിശോധിക്കും. കോണ്‍സുലേറ്റ് പാഴ്സല്‍ വഴി കടത്തിയ സ്വര്‍ണം തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ നടിമാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയാല്‍ സംശയത്തിനിട നല്‍കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്.

കോവിഡ് കാലമായതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടക്കുന്നതുകൊണ്ടാണ് ഈ സംഘം ഇത്തരമൊരു നീക്കത്തിനു തുനിഞ്ഞിത്. വഴങ്ങിയില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി വരുതിക്കു നിര്‍ത്താനായിരുന്നു സംഘത്തിന്റെ ശ്രമം. അതിനുവേണ്ടിയായിരുന്നു വിവാഹാലോചന അടക്കമുള്ള ഉപായങ്ങള്‍ പരീക്ഷിച്ചത്. പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നതരത്തിലുള്ള പ്രതികളുടെ ഇടപെടലുകള്‍ സൂചിപ്പിക്കുന്നതും അതാണ്. അനുസിത്താര, മിയ എന്നീ നടിമാരെയും ഈ സംഘം ഇതിനായി ലക്ഷ്യമിട്ടിരുന്നു. പാലക്കാട് വാളയാറിലേക്ക് സ്വര്‍ണം കൊണ്ടുപോകാന്‍ അകമ്പടി സേവിക്കാമോയെന്നു ഷംനയോട് യോട് ഈ സംഘം ആവശ്യപ്പെട്ടിരുന്നു. നിഷേധിച്ചതോടെയാണ് കല്യാണാലോചന എന്ന അടവ് എടുത്തത്.

ഷംന പോലീസിനു നല്‍കിയ മൊഴി പുറത്ത് വന്നു. അതില്‍നിന്ന് പ്രസക്തമായവ ചുവടെ: അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് ആദ്യം വിളിക്കുന്നത്. ചില നടിമാരുടെ പേരു പറഞ്ഞശേഷം അവര്‍ സ്വര്‍ണം വാളയാറിനു കൊണ്ടുപോകാന്‍ സഹായിക്കാറുണ്ടെന്നും അതുപോലെ വന്നാല്‍ മതിയെന്നും പറഞ്ഞു. താല്‍പര്യമില്ലെന്നു പറഞ്ഞ് താന്‍ ഒഴിഞ്ഞു. തുടരെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് അന്‍വര്‍ എന്നൊരാള്‍ വിളിച്ചു. വളരെ മാന്യമായായിരുന്നു സംസാരം. അഷ്‌കര്‍ വിളിച്ച് മോശമായി സംസാരിച്ചതിനു ക്ഷമ ചോദിച്ചു.

അഷ്‌കര്‍ എന്നല്ല അയാളുടെ യഥാര്‍ഥപേരെന്നും പറഞ്ഞു. നിയമപ്രകാരമുള്ള പേപ്പറുകളോടെയാണ് സ്വര്‍ണം കൊണ്ടുപോകുന്നതെന്നും സെലിബ്രിറ്റികള്‍ക്ക് ഇത് എളുപ്പമാണെന്നും എല്ലാവരും ചെയ്യുന്നതുകൊണ്ടാണ് വിളിച്ചത് എന്നും പറഞ്ഞു. ഈ സമയം എനിക്ക് വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുകയായിരുന്നു. അന്‍വര്‍ വേറൊരു ദിവസം എന്നെ വിളിച്ചിട്ട് വിവാഹം ആലോചിക്കട്ടെ എന്നു ചോദിച്ചു. ബാപ്പയോടും സഹോദരനോടും സംസാരിക്കാന്‍ ആവശ്യപ്പെട്ട് ബാപ്പയുടെ ഫോണ്‍ നമ്പര്‍ അയച്ചുകൊടുത്തു. പിന്നീട് ഇയാള്‍ വിളിച്ചത് ബാപ്പയെ ആണ്.

അഹമ്മദ് ഹാജി എന്നൊരാള്‍ അന്‍വറിന്റെ ബാപ്പയാണെന്നു പറഞ്ഞ് വിളിക്കുമായിരുന്നു. കോഴിക്കോട്ടെ രാമനാട്ടുകരക്കാരാണെന്നും മക്കള്‍ ഗള്‍ഫിലാണെന്നും അവിടെ പല സ്ഥലത്തായി ജൂവലറികളുണ്ടെന്നും നാട്ടില്‍ പെട്രോള്‍ പമ്പ്-റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നും അഹമ്മദ് ഹാജി ധരിപ്പിച്ചു. ഉമ്മയും സഹോദരിയുമാണെന്നും പറഞ്ഞ് ചില സ്ത്രീകളും വിളിക്കുമായിരുന്നു. അവര്‍ തന്നോടും സംസാരിച്ചിട്ടുണ്ട്. വീഡിയോ കോളില്‍ വരാന്‍ അന്‍വറിനോടു പറയുമ്പോള്‍ ഉമ്മയോടൊപ്പം മാത്രമെ വരികയുള്ളു എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു.

മേയ് 30ന് കുടുംബക്കാരെല്ലാവരും കൂടി പെണ്ണകാണാന്‍ വരുമെന്നു പറഞ്ഞെങ്കിലും 28-ന് വിളിച്ച് ബാപ്പയുടെ ഭാര്യയുടെ ചേച്ചി മരിച്ചതുകൊണ്ട് പിന്നീട് വരാമെന്നു പറഞ്ഞു. പിന്നീട് തൃശൂരില്‍ മരണസ്ഥലത്തു നില്‍ക്കുകയാണെന്നും ഒരു കാര്‍ വാങ്ങാന്‍ സുഹൃത്തുക്കള്‍ എറണാകുളത്തേയ്ക്കു വരുന്നുണ്ടെന്നും ഒരു ലക്ഷം രൂപയുടെ കുറവുണ്ടെന്നും അത് നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ഉമ്മയോടു പറയാമെന്നു പറഞ്ഞപ്പോള്‍ വേണ്ടെന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ 50,000 രൂപ ചോദിച്ചു. താന്‍ പണം കൊടുത്തില്ല. ഇക്കാര്യം വീട്ടുകാരെ ധരിപ്പിച്ചു. അടുത്തദിവസം അന്‍വറിന്റെ ബാപ്പ അഹമ്മദ് ഹാജി വിളിച്ച് മകന്‍ ബുദ്ധിയില്ലാത്തവാനാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തി സംസാരിച്ചു. ഇവരുടെ രീതികളില്‍ സംശയം തോന്നിയ താന്‍ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞു.

പക്ഷേ പെണ്ണു കാണാന്‍ വരുന്നുണ്ടല്ലോ എന്നു പറഞ്ഞ് ഇവര്‍ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. പെണ്ണുകാണാന്‍ വരുന്നെന്നു പറഞ്ഞതിന്റെ തലേദിവസം അന്‍വര്‍ വളിച്ചിട്ട് താന്‍ വരുന്നില്ലെന്ന് അറിയിച്ചു. അന്‍വര്‍ വന്നില്ലെങ്കില്‍ ആരെയും വീട്ടിനകത്തുകയറ്റുകയില്ലെന്ന് താന്‍ ശഠിച്ചു. അപ്പോള്‍ ബാപ്പയെ വിളിച്ച് അന്‍വറിന്റെ അമ്മയുടെ സഹോദരനും ഭാര്യയും കാണാന്‍ വരുമെന്നും ഷംനയെ ഒരു നോക്കു കണ്ടിട്ട് മടങ്ങുമെന്നും പറഞ്ഞു. പക്ഷേ അടുത്ത ദിവസം രാവിലെ 11 മണിക്ക് കാറില്‍ വീട്ടിലെത്തിയത് അഞ്ച് ആണുങ്ങളായിരുന്നു. ഇവരുടെ നീക്കങ്ങളില്‍ അസ്വഭാവികത തോന്നിയതുകൊണ്ട് ഡ്രൈവര്‍മാരോട് പുറത്തിരിക്കാന്‍ പറഞ്ഞു. അത് ഇഷ്ടപ്പെടാത്ത മട്ടില്‍ മൂന്നു പേര്‍ പുറത്തുപോയി. അന്‍വറിന്റെ സഹോദരന്‍ അപ്പോഴും വിവാഹത്തിനു സമ്മതിച്ചിട്ടില്ലെന്നും മറ്റുമായി അവരുടെ സംസാരം.

സംശയം തോന്നിയ ബാപ്പയും ഉമ്മയും നിങ്ങളാരാണെന്നും എന്തിനു വന്നതെന്നും ചോദിച്ചപ്പോള്‍ അഷ്റഫ് എന്നയാള്‍ ദേഷ്യപ്പെട്ട് അവരെ ചീത്തപറഞ്ഞു. എന്നിട്ട് പുറത്തേയ്ക്ക് പോയി. ഈ സമയം പുറത്തുനിന്നവര്‍ തങ്ങളുടെ കാറിന്റെയും വീടിന്റെയും ഫോട്ടോയെടുത്തു. ഇവര്‍ പോയതിനുശേഷം അന്‍വറിന്റെ ബാപ്പയെന്നു പറയുന്നയാളെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ നോക്കട്ടെയെന്നായിരുന്നു മറുപടി. പിന്നീട് അന്‍വര്‍ തന്നെ വിളിച്ച് ക്ഷമ പറഞ്ഞിരുന്നു. ഇവരുടെ ചെയ്തികള്‍ തങ്ങളുടെ കുടുംബത്തിലും ബന്ധുക്കളിലും വളരെയധികം മാനസിക വിഷമങ്ങളുണ്ടാക്കി. പിന്നീടാണ് ടിവി വഴി ഈ തട്ടിപ്പുസംഘത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നതും ഇവര്‍ പെണ്‍കുട്ടികളെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെന്ന് അറിഞ്ഞതും.

follow us pathramonline

pathram:
Leave a Comment