സ്വപ്ന സുരേഷിന്റെ ഫോണ്‍വിളി പട്ടികയില്‍ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍

കോട്ടയം: സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍വിളി പട്ടികയില്‍ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ ഫോണിലേക്കും തിരിച്ചു സ്വപ്നയുടെ ഫോണിലേക്കും നിരവധി തവണ ബന്ധപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തി. മന്ത്രിമാരെയും സ്പീക്കറെയും അറിയാമെന്നും പലതവണ വിളിച്ചതായും സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ഫോണ്‍വിളി പട്ടിക പുറത്തായേക്കുമെന്നു മുന്നില്‍കണ്ടാണ് സ്വപ്നയുടെ ഈ ശബ്ദരേഖ മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കിയതെന്നും സൂചന.

സ്വപ്ന യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. എന്നാല്‍ കോണ്‍സുലേറ്റില്‍നിന്ന് പുറത്തായശേഷവും സ്വപ്ന ഉന്നതരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണു വിവരം.

സോളാര്‍ കേസില്‍ ഫോണ്‍ കോളുകളുടെ പട്ടികയായിരുന്നു അന്നു പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷം ആയുധമാക്കിയത്. അത്തരത്തിലൊരു തിരിച്ചടി ഈ കേസില്‍ ഭരണപക്ഷം കാണുന്നുണ്ട്. കേസില്‍ അന്വേഷണം തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഫോണ്‍രേഖകള്‍ വച്ചു മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ അടക്കം ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരും. കേന്ദ്രവുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ഇതൊഴിവാക്കാനുള്ളശ്രമത്തിലാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍. എന്നാല്‍ ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടുകളും ഇത്തരമൊരു നീക്കത്തില്‍ നിര്‍ണായകമാവും.

ഇതിനിടെ സ്പേസ് പാര്‍ക്കിലെ പ്രധാനപ്പെട്ട ഓപ്പറേഷന്‍സ് മാനേജര്‍ തസ്തിക മറ്റാരും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് വഴി സ്വപ്ന സുരേഷിന് നല്‍കിയത് പുതിയ വിവാദത്തിന് വഴിതെളിയിച്ചിട്ടുണ്ട്. കെ.എസ്.ഐ.ടി.എല്ലിലെ മറ്റ് കരാര്‍നിയമനങ്ങളുടെ വിവരങ്ങള്‍ ഔദ്യോഗിക വെബ്സെറ്റില്‍ ലഭ്യമാണെങ്കിലും സ്വപ്ന സുരേഷിന്റെ നിയമനത്തിന്റെ രേഖമാത്രം ലഭ്യമല്ല.

follow us pathramonline

pathram:
Leave a Comment