ഭാര്യമാരുടെ മൊഴികളില്‍ സ്വപ്‌നയെക്കൂടാതെ മറ്റു രണ്ടു പേരും; ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം..?

സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തും. രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും.

അതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ് ഹരിരാജിനെ ചോദ്യം ചെയ്തത് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹം പ്രതികരണത്തിനു തയാറായില്ല. മൊഴികളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘവും പുറത്തു വിട്ടിട്ടില്ല. പാഴ്‌സല്‍ പ്രതികള്‍ക്കു വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു കസ്റ്റംസിനെ ബന്ധപ്പെട്ടവരുടെ ചോദ്യം ചെയ്യല്‍ ഇന്നലെയാണു തുടങ്ങിയത്.

അതേസമയം സ്വപ്ന സുരേഷുമായി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ഇതില്‍ വകുപ്പുതല അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഐജി: എസ്. ശ്രീജിത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തുനല്‍കി.

ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു തുടര്‍നടപടി ആലോചിക്കുമെന്നു ബെഹ്‌റ അറിയിച്ചു. സ്വപ്ന കൂടി ഉള്‍പ്പെട്ട വ്യാജ പീഡനാരോപണം അന്വേഷിക്കുന്നതു ക്രൈം ബ്രാഞ്ചാണ്. കേസിന്റെ മേല്‍നോട്ടച്ചുമതല ശ്രീജിത്തിനാണ്.

FOLLOW US: pathram online

pathram:
Leave a Comment