തിരുവനന്തപുരം: ‘നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നു. അന്ന് അനുഭവിച്ച പ്രയാസങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേ ഉള്ളൂ. വര്‍ഷങ്ങളായി കൂടെയുള്ള ജീവനക്കാരനെ കുരുക്കില്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നപ്പോള്‍ മാനസികമായി തകര്‍ന്നുപോയി’– സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സംഘം നല്‍കിയ വ്യാജപരാതിയില്‍ നിയമക്കുരുക്കില്‍പ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റപ്പെടുകയും ചെയ്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ എല്‍.എസ്.സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു.
വര്‍ഷങ്ങളായി കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഗീതാദേവി പറഞ്ഞു. 2015 ജനുവരിയിലാണ് എയര്‍ ഇന്ത്യ സാറ്റ്‌സിലെ 17 വനിതാ ജീവനക്കാരുടെ പേരില്‍ വ്യാജപരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്കു ലഭിക്കുന്നത്. 2015 മാര്‍ച്ചില്‍ സിബുവിനെ ഹൈദരാബാദിലേക്കു സ്ഥലംമാറ്റി. എയര്‍ ഇന്ത്യയില്‍ സ്റ്റാഫായിരുന്ന സിബു അഴിമതിയെ എതിര്‍ത്തതോടെയാണു ക്രിമിനല്‍ സംഘത്തിന്റെ നോട്ടപ്പുള്ളിയായത്. പരാതി പരിഗണിച്ച എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങള്‍ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബു ക്രൈംബ്രാഞ്ചിനു പരാതി നല്‍കി.
നീണ്ട നിയമയുദ്ധം ആരംഭിച്ചു. െ്രെകംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണങ്ങളിലെല്ലാം കുറ്റക്കാരനല്ലെന്നു കണ്ടെത്തിയെങ്കിലും സ്ഥലംമാറ്റം പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തയാറായില്ല. ആദ്യം ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധമായില്ലെങ്കിലും പിന്നീട് കോടതിവിധിക്കുശേഷം 2018ല്‍ എയര്‍ ഇന്ത്യയുടെ ഹൈദരാബാദ് ഓഫിസില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന നിര്‍ദേശം സിബു അംഗീകരിച്ചു. കൂടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൈവിട്ടതാണു സിബുവിനും കുടുംബത്തിനും തീരാവേദനയായത്. ‘അതുവരെ സൗഹൃദത്തിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍പോലും നീതി നല്‍കിയില്ല. ഭര്‍ത്താവ് തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യത്തില്‍ കുടുംബം മുന്നോട്ടുപോയി. ഇപ്പോള്‍ നടക്കുന്ന െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്നാണു പ്രതീക്ഷ’– ഗീതാദേവി പറയുന്നു.
എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഈ വ്യക്തിക്കു കീഴില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് സിബുവിനെ കുടുക്കാന്‍ തീരുമാനിച്ചു. ഇതിനായി 17 പെണ്‍കുട്ടികളുടെ വ്യാജ ഒപ്പിട്ട് കള്ളപ്പരാതി എയര്‍ ഇന്ത്യയ്ക്ക് അയച്ചു. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സിബുവിനെ തിരുവനന്തപുരത്തുനിന്ന് മാറ്റി. ഈ പരാതികളുടെ നിജസ്ഥിതി അറിയാതെ ഹൈദരാബാദില്‍ ജോയിന്‍ ചെയ്യില്ലെന്നു സിബു നിലപാടെടുത്തു. പരാതി വ്യാജമാണെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തിയിട്ടും ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇതൊക്കെ സിബുവിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി.
തിരുവനന്തപുരം ജില്ലാ െ്രെകംബ്രാഞ്ച് ആദ്യം അന്വേഷിച്ചിരുന്ന ഈ കേസ് ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതിനെത്തുടര്‍ന്നു വീണ്ടും സിബു കോടതിയില്‍ പോയി. ഇതും സാമ്പത്തികമായി സിബുവിനെ തളര്‍ത്തി. എയര്‍ ഇന്ത്യയും പൊലീസ് അന്വേഷണത്തില്‍ സഹകരിക്കാതെ നിരവധി റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തു. ഇതും അധിക ബാധ്യത സൃഷ്ടിച്ചു. സ്വപ്ന സുരേഷാണു പാര്‍വതി സാബു എന്നപേരില്‍ നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍, സാറ്റ്‌സില്‍ ജോലി ചെയ്യുന്ന വേളയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേര്‍ന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായി മൊഴി നല്‍കി. പരാതി ഡ്രാഫ്റ്റ് ചെയ്തതു സ്വപ്നയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.
Follow us: pathram online to get latest news.
Leave a Comment