150 കിലോ സ്വര്‍ണം ഒറ്റയടിക്ക് കടത്തി: സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കുന്നത് ജോഷി കസ്റ്റംസിന് കൂടുതല്‍ തെളിവുകള്‍

കൊച്ചി : യു.എ.ഇയില്‍നിന്ന് സ്വര്‍ണം പിടികൂടിയ നയതന്ത്ര പാഴ്‌സല്‍ അയച്ചത് മലയാളിയായ ഫൈസല്‍ ഫരീദ് എന്ന് കസ്റ്റംസ്. ഇയാളെക്കുറിച്ചുള്ള പ്രാഥമിക വിവരമേ ലഭ്യമായിട്ടുള്ളു. കൊച്ചി സ്വദേശിയാണെന്നും അതല്ല കോഴിക്കോടുകാരനാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കായി വന്ന സ്വര്‍ണപാഴ്‌സലിന്റെ ഉറവിടവും അതാര്‍ക്കു വേണ്ടിയെന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കസ്റ്റംസ് തേടുന്നത്. കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം.

സ്വര്‍ണക്കടത്തുക്കാര്‍ക്കിടയില്‍ തന്നെ പുതുതായി കേള്‍ക്കുന്ന പേരാണ് ഫൈസലിന്റേത്. ഇയാളുമായി ബന്ധപ്പെട്ടു കേരളത്തില്‍ മൂന്നു പേരുള്ളതായിട്ടാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ആലുവ സ്വദേശിയായ സലിം എന്നയാളാണ് ഇതില്‍ മുഖ്യം. മുമ്പും സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നതില്‍ സലിം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

വാഹനത്തിന്റെ ഷാഫ്റ്റിന്റെ മോഡലിനുള്ളിലാക്കി 150 കിലോ സ്വര്‍ണം ഒറ്റയടിക്ക് ഇയാള്‍ പിടിക്കപ്പെടാതെ കൊണ്ടുവന്നിരുന്നു എന്നാണു വെളിപ്പെടുത്തല്‍. സലിമിന് ദുബായില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരാന്‍ വിവിധതരത്തിലുള്ള സംവിധാനങ്ങള്‍ നിര്‍മിച്ചുനല്‍കുന്നത് ഞാറക്കല്‍ സ്വദേശിയായ ജോഷി എന്നയാളാണ്.

ഫൈസല്‍ സ്വര്‍ണമെത്തിക്കുന്നത് ഈ ശൃംഖലയിലുള്ള മാഹിക്കാരനായ മുഹമ്മദ് ഫയാസിലേക്കാണെന്നാണ് സൂചന. എന്നാല്‍, മുഹമ്മദ് ഫയാസ് ഇപ്പോള്‍ ദുബായിലാണെന്നും പറയപ്പെടുന്നു. 2017 ല്‍ നെടുമ്പാശേരിയില്‍ 20 കിലോ സ്വര്‍ണം പിടിച്ച കേസില്‍ മുഖ്യപ്രതിയായിരുന്നു ഫയാസ്. ഫയാസിന് ഹോട്ടല്‍, കാറ്ററിങ് ബിസിനസാണ്.

കോഫെ പോസെ നിയമപ്രകാരം ഒരു വര്‍ഷം ഇയാള്‍ കസ്റ്റംസിന്റെ തടങ്കലിലായിരുന്നു. ഫയാസ് സ്വര്‍ണം കോഴിക്കോട് സ്വദേശിയായ നബീല്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ക്കാണ് എത്തിക്കുന്നത്. ഫയാസിനും നബീലിനും ഇടതുബന്ധം ശക്തമാണെന്നും ആക്ഷേപമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് സംഘം കോണ്‍സുലേറ്റ് വഴി മൂന്നു തവണ സ്വര്‍ണംകടത്തിയിരുന്നുവെന്നാണ് കരുതുന്നത്. നാലാമത്തേതാണ് പിടിക്കപ്പെട്ടത്.

ലോക്ക് ഡൗണ്‍ കാലത്തുതന്നെയാണ് ഒരു മോഡല്‍ സ്വര്‍ണക്കടത്തിനായി ഒരു സംഘം തന്നെ പാലക്കാട്ട് വിളിച്ചുവരുത്തിയതെന്നു വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മോഡല്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയുണ്ടായി. പക്ഷേ, ഒരു സിനിമാ നിര്‍മാതാവ് ഇടപെട്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും പുറത്തുവന്നു.

Follow us: pathram online to get latest news.

pathram:
Related Post
Leave a Comment