സ്രവം പരിശോധന നടത്താത്ത കുടുംബത്തിന്‌ ഫലത്തെ കുറിച്ച് സന്ദേശമെത്തി; ആലപ്പുഴിയില്‍ ഗുരുതര വീഴ്ച

കോവിഡ് രോഗ പരിശോധനയില്‍ ആലപ്പുഴയില്‍ ഗുരുതര വീഴ്ച. സ്രവം പരിശോധന നടത്താത്ത കുടുംബത്തിനു പോലും ഫലം തയ്യാറാകുന്നതായി ആരോഗ്യവകുപ്പിന്റെ സന്ദേശം. ഡല്‍ഹിയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന നാലംഗ കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് സന്ദേശമെത്തിയത്.

കഴിഞ്ഞ മാസം 26നാണ് ചുനക്കര സ്വദേശിയായ തുമ്പവിളയില്‍ വീട്ടില്‍ മാമച്ചനും കുടുംബവും ഡല്‍ഹിയില്‍നിന്ന് നാട്ടിലെത്തിയത്. രണ്ടാഴ്ച കഴി‍ഞ്ഞ് ആരോഗ്യവകുപ്പില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിളി വന്നു. ആംബുലന്‍സില്‍ മൂന്നാംകുറ്റിയിലെ ഒരു സെന്ററില്‍ എത്തി. അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. ഉച്ചകഴിഞ്ഞപ്പോള്‍ സാംപിള്‍ ശേഖരണം മറ്റൊരിടത്താണെന്ന് അറിയിപ്പ്. എന്നാല്‍ റജിസ്റ്ററില്‍ പേരില്ലെന്ന് പറഞ്ഞ് രാത്രി ഏഴരയോടെ അവിടെനിന്നും നാലംഗ കുടുംബത്തെ മടക്കി അയച്ചു.

പരിശോധനയ്ക്കായി സ്രവം എടുക്കാതെ എങ്ങനെയാണ് ഫലം വരുന്നതെന്ന് കുടുംബം ചോദിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതായും കുടുംബം പറയുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളെന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായീകരണം. ജില്ലയില്‍ പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നതിലും പരിശോധനാഫലം വൈകുന്നതിലും നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

FOLLOW US: pathram online

pathram:
Leave a Comment