അത്യപൂർവ ബ്ലഡ് ഗ്രൂപ്പ് ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയത് രണ്ട് പേർക്ക് മാത്രം; ശസ്ത്രക്രിയക്കായി കുഞ്ഞിന് വേണ്ടി തീവ്ര ശ്രമം

ശസ്ത്രക്രിയക്കായി കുഞ്ഞിന് വേണ്ടത് അത്യപൂർവ ബ്ലഡ് ഗ്രൂപ്പ്. അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് വയസുകാരി അനുഷ്‌ക സന്തോഷിന് വേണ്ടിയാണ് പിപി അഥവാ ‘പി നൾ’ ഫെനോടൈപ്പ് രക്ത ഗ്രൂപ്പ് ആവശ്യമായിട്ടുള്ളത്. കുഞ്ഞിന് രക്തം കണ്ടെത്താൻ നാട്ടുകാരും ആരോഗ്യപ്രവർത്തകരും കൈകോർത്തിരിക്കുകയാണ്.

മലപ്പുറം സ്വദേശികളാണെങ്കിലും ഗുജറാത്തിൽ സ്ഥിരതാമസമാക്കിയവരാണ് അനുഷ്‌കയുടെ മാതാപിതാക്കൾ. കഴിഞ്ഞ വർഷം കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതിനെ തുടർന്ന് കുഞ്ഞിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്നാണഅ ശസ്ത്രക്രിയക്ക് നിർദേശിച്ചത്. ഇന്നലെ ആദ്യഘട്ടമായി ചെറിയ ശസ്ത്രക്രിയ നടത്തിയിരുന്നു. പ്ലാസ്റ്റിക് സർജറിയാണ് നടത്തിയത്. തലയോട്ടിയുടെ ഭാഗങ്ങൾ ചേർക്കുക എന്നുള്ളതാണ് അടുത്തഘട്ടം. അതിനായാണ് രക്തം ആവശ്യമായിട്ടുള്ളത്.

ഇന്ത്യയിൽ ഇതുവരെ രണ്ട് പേർക്ക് മാത്രമാണ് ഈ രക്ത ഗ്രൂപ്പ് കണ്ടെത്തിയിട്ടുള്ളത്. അതിൽ ഒരാൾ 2018 ൽ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കെത്തിയ ആളാണ്. അനുഷ്‌കയ്ക്കായി ഇദ്ദേഹത്തിന്റെ രക്തത്തിനായുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും എബിഒ ചേർച്ചയില്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. രക്തം കണ്ടെത്താൻ ഓൾ ഇന്ത്യ തലത്തിൽ തിരച്ചിൽ തുടരുകയാണ്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരങ്ങൾ നടക്കുന്നുണ്ട്. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സംഘാടകരിൽ ഒരാളായ ഫിലിപ്പോസ് മത്തായി ഫേസ്ബുക്കിലിട്ട പോസ്റ്റ് എഡിറ്റ് ചെയ്ത് ചിലർ അവരുടെ നമ്പറുകൾ കൂടി ചേർത്ത് പ്രചരിപ്പിച്ചു. ബ്ലഡ് ഗ്രൂപ്പിനെ കുറിച്ച് അറിയാത്ത പലരും ഇങ്ങനെ ഒന്നില്ലെന്ന് പറഞ്ഞ് പരത്തിയെന്ന് ഫിലിപ്പോസ് മത്തായി പറഞ്ഞു. ഒരു ദിവസം രണ്ടായിരത്തോളം കോളാണ് വരുന്നത്. ഇത് എടുക്കാൻ സാധിക്കാത്ത സാഹചര്യം വരുമ്പോൾ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് ചിലർ പ്രചരിപ്പിച്ചു. കുഞ്ഞിന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇനി രക്തം ആവശ്യമില്ലെന്നും വ്യാജപ്രചാരണമുണ്ടായെന്നും ഫിലിപ്പോസ് മത്തായി വ്യക്തമാക്കി.

Follow us pathram online

pathram desk 1:
Leave a Comment