കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ. എ വൈ) പദ്ധതിയുടെ ആദ്യഘട്ടത്തിൽ സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം മെട്രിക് ടണ്‍ അരി നൽകിയെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ജനറല്‍ മാനേജര്‍ (കേരള) വി.കെ. യാദവ് അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലാവധിക്കാണ് ഇത്രയും അരി നൽകിയത്. 2020 ജൂലൈ മുതല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിനായി 0.632 ലക്ഷം മെട്രിക് ടണ്‍ അരിയും 0.142 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും പ്രതിമാസം കേരളത്തിനായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി 2020 നവംബര്‍ വരെ നീട്ടിയ സാഹചര്യത്തില്‍ ഈ കണക്കനുസരിച്ച് അഞ്ചുമാസത്തേയ്ക്ക് കേരളത്തിന് മൊത്തം 1388 കോടി രൂപ വിലവരുന്ന 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. കേരളത്തിലെ 154 ലക്ഷം ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എം.ജി.കെ.എ.വൈ പദ്ധതിക്കുണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്ര ഗവണ്‍മെന്റായിരിക്കും വഹിക്കുക.
ജൂലൈയിലേക്ക് അനുവദിച്ച ഭക്ഷ്യധാന്യം ഇതിനകം തന്നെ സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്തുതുടങ്ങിയിട്ടുണ്ട്. അടുത്ത നാലുമാസത്തേയ്ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ (എന്‍.എഫ്.എസ്.എ)യും പി.എം.ജി.കെ.എ.വൈ പദ്ധതിയുടെയും അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് അനിവാര്യമായത്ര ഭക്ഷ്യധാന്യം എഫ്.സി.ഐയുടെ ഡിപ്പോകളില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനായി 5.41 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാണ്, ഇതില്‍ 4.80 ലക്ഷം മെട്രിക് ടണ്‍ എഫ്.സി.ഐയുടെ പക്കലും സംസ്ഥാനം സംഭരിച്ച 0.61 ലക്ഷം മെട്രിക് ടണ്‍ അരി (കസ്റ്റം മില്ല്ഡ് റൈസ്) സംസ്ഥാന ഗവണ്‍മെന്റിന്റെ പക്കലുമുണ്ട്. ഇതിന് പുറമെ വരും മാസങ്ങളിലെ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കാനായി എഫ്.സി.ഐ ഡിപ്പോകളില്‍ നിരന്തരമായി സ്‌റ്റോക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഈ പ്രവര്‍ത്തനങ്ങളൊക്കെ എഫ്.സി.ഐ മാനേജിംഗ് ഡയറക്ടര്‍ ഡി വി പ്രസാദ് ഐ.എ.എസ് വളരെ സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ടെന്നും യാദവ് അറിയിച്ചു.
Follow us: pathram online
Leave a Comment