വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായര്‍ സാമ്പത്തികവളര്‍ച്ച ഞെട്ടിക്കുന്നത്…യാത്രകള്‍ ആഡംബരക്കാറുകള്‍

തിരുവനന്തപുരം :സ്വര്‍ണക്കടത്തുകേസിലെ മുഖ്യസൂത്രധാരന്മാരിലൊരാള്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായരുടെ സാമ്പത്തിക വളര്‍ച്ച ഞെട്ടിക്കുന്നത്. കേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്തതസഹചാരിയായ ഇയാള്‍ സ്വപ്‌നയ്ക്കു പിന്നാലെ മുങ്ങിയിരിക്കുകയാണ്. കസ്റ്റംസിന്റെ നോട്ടപ്പുള്ളിയായിരുന്ന സന്ദീപ് അസാധാരണമായ രീതിയില്‍ സാമ്പത്തികവളര്‍ച്ച നേടിയതിനുപിന്നില്‍ സ്വര്‍ണക്കടത്താണെന്നാണ് പുറത്തുവരുന്ന വിവരം.

കേസില്‍ അറസ്റ്റിലായ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ സരിത്തിന്റെ മൊഴിയെത്തുടര്‍ന്നാണ് സന്ദീപിനായി കസ്റ്റംസ് വല വീശിയത്. സന്ദീപിനെത്തേടി കസ്റ്റംസ് നെടുമങ്ങാട്ടെ താമസസ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് ഇന്നലെ ചോദ്യം ചെയ്തു.

ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണു സൂചന. സന്ദീപ് രണ്ടുദിവസം മുമ്പ് വീട്ടില്‍നിന്നു പോയതാണെന്നും പിന്നീടു വിവരമൊന്നുമില്ലെന്നുമാണ് സൗമ്യയുടെ മൊഴി. പലതവണ ഭര്‍ത്താവ് ദുബായ്ക്കു പോയിട്ടുണ്ടെന്നും എന്നാല്‍ സ്വര്‍ണക്കടത്തിനാണെന്നറിയില്ലെന്നും സരിത്തുമായി ചേര്‍ന്നായിരുന്നു സന്ദീപിന്റെ ഇടപാടുകളെന്നുമാണു സൗമ്യയുടെ മൊഴി. ഇവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. സ്വപ്‌നയ്‌ക്കൊപ്പവും ഒറ്റയ്ക്കും നിരവധി തവണ ഇയാള്‍ വിദേശയാത്ര നടത്തിയിട്ടുണ്ട്.

തടിപ്പണിയും െ്രെഡവര്‍ ജോലിയുമൊക്കെ ചെയ്തുകഴിഞ്ഞിരുന്ന സന്ദീപ് ഞൊടിയിടയ്ക്കുള്ളിലാണ് വളര്‍ന്നത്. നെടുമങ്ങാട് പത്താം കല്ലില്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന പേരില്‍ കാര്‍ സര്‍വീസിനുള്ള ഷോറും നടത്തിയിരുന്നു. ആഡംബരക്കാറുകള്‍ വാങ്ങി കുറച്ചുനാള്‍ ഉപയോഗിച്ച ശേഷം മറിച്ചു വില്‍ക്കുന്ന പതിവുണ്ടായിരുന്നു. ഈ കാറുകള്‍ കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ സരിത്ത് കസ്റ്റംസിന്റെ പിടിയിലായതറിഞ്ഞയുടനെ സന്ദീപ് ഈ ഷോപ്പ് അടച്ചു മുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നെടുമങ്ങാട് മുക്കോലയില്‍ വാടക വീട്ടില്‍ മാതാവ് ഉഷയ്ക്കും സഹോദരന്‍ സ്വരൂപിനുമൊപ്പമാണ് വര്‍ഷങ്ങളോളം സന്ദീപ് താമസിച്ചിരുന്നത്. പിന്നീട് വീടുമായുള്ള ബന്ധം വിട്ടു. മാതാവ് നെടുമങ്ങാട് റവന്യൂ ടവര്‍ വളപ്പില്‍ നാട്ടുകാര്‍ക്ക് അപേക്ഷയെഴുതി നല്‍കുന്ന ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്.

follow us: PATHRAM ONLINE

pathram:
Leave a Comment