സന്ദീപിന്റെ പുതിയ ഷോറൂം അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്നത് മന്ത്രി

നെടുമങ്ങാട്: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സരിത്തിന്റെ കൂട്ടാളി നെടുമങ്ങാട് സ്വദേശി സന്ദീപ് അടുത്തയാഴ്ച റാന്നിയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ഒളിവില്‍പോകേണ്ടി വന്നത്.

ആ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നതും ഒരു മന്ത്രിയെയായിരുന്നു. നെടുമങ്ങാട്ടെ ഷോറും കൂടാതെ കേരളത്തില്‍ 11 ഷോറൂമുകള്‍ സന്ദീപിനുണ്ട്. നെടുമങ്ങാട്ടെ കടയ്ക്ക് ലൈസന്‍സില്ലെന്നും കടയ്ക്ക് നഗരസഭയുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

വര്‍ക്ക്‌ഷോപ്പ് ഇടപാടുകള്‍ക്കുള്ള മറയായിരുന്നുവെന്ന് കസ്റ്റംസിന് സൂചനയുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ സന്ദീപിനുള്ള പങ്ക് ശരിവെക്കുന്ന തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചത്. സ്വപ്നയുടെ ഫ്‌ളാറ്റില്‍ തിരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ കസ്റ്റംസ് സന്ദീപിന്റെ വീട്ടിലെത്തിയതും ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുത്തതും. സന്ദീപിന്റെയും സ്വപ്നയുടെയും ഫോണ്‍ നിലവില്‍ ഓഫാണ്. ഇരുവരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെന്ന സംശയവും ഉയരുന്നുണ്ട്.

മുമ്പ് കടത്തിയ സ്വര്‍ണം വര്‍ക്ക്‌ഷോപ്പിലെത്തിച്ച ശേഷമാണ് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. നെടുമങ്ങാട് പത്താംകല്ലിലുള്ള ഈ വര്‍ക്ക്‌ഷോപ്പില്‍ കാര്യമായി വാഹനങ്ങള്‍ പണിക്കായി എത്തുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. കാറുകളുടെ എന്‍ജിനകത്തെ കാര്‍ബണ്‍ ഒഴിവാക്കാനുള്ള സംവിധാനം മാത്രമാണ് ഇവിടെയുള്ളത്. കടയുടെ പേരും കാര്‍ബണ്‍ ഡോക്ടര്‍ എന്നാണ്. ഇവിടെ പകല്‍സമയം ഒരു ജോലിക്കാരി മാത്രമേയുള്ളൂ. ആഡംബര വാഹനങ്ങളിലായിരുന്നു പലപ്പോഴും സന്ദീപ് എത്തിയിരുന്നത്. ഒന്നര വര്‍ഷം മുമ്പ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കുന്ന സമയത്ത് ആകെയുണ്ടായിരുന്നത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സ്വപ്നയും ജനപ്രതിനിധികളും മാത്രമായിരുന്നു.

സന്ദീപ് വീട്ടില്‍ വരാറില്ലെന്നും മകളുമായി അടുത്ത ബന്ധമില്ലെന്നും സൗമ്യയുടെ അമ്മ ഉമ കസ്റ്റംസിന് മൊഴി നല്‍കി. ഉഴമലയ്ക്കല്‍ സ്വദേശിയായ സന്ദീപിന് വാഹനകച്ചവടമാണ് പ്രധാനമായുള്ളത്.

follow us: PATHRAM ONLINE

pathram:
Leave a Comment