സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന. നേതാവിന്റെ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറില്ലെന്ന് കസ്റ്റംസ് സംശയിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂണിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു ഇയാളുടെ ചോദ്യം. തിരുവനന്തപുരത്തും കൊച്ചിയിലും വീടുള്ള ട്രേഡ് യൂണിയൻ നേതാവിനെയാണ് സംശയം. ട്രേഡ് യൂണിയൻ നേതാവിന്‍റെ വീടും പരിസരവും കസ്റ്റംസ് നിരീക്ഷണത്തിലാണ്. ഇയാളെ ഉടൻ ചോദ്യം ചെയ്തേക്കും.

അതേസമയം സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ ഫയലിങ് മുഖാന്തരമാണ് ഹരജി സമർപ്പിച്ചത്. നിരപരാധിയാണെങ്കിലും തന്നെ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ. ഇന്നലെ രാത്രി വൈകി സമർപ്പിച്ചതിനാൽ ഇന്നത്തെ പരിഗണനാ ലിസ്റ്റിൽ ഹരജി ഉൾപ്പെട്ടിട്ടില്ല. വെള്ളിയാഴ്ചയാകും ഹരജി കോടതിയുടെ പരിഗണനയിലെത്തുക.

സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടി വലവിരിച്ചിരിക്കുകയാണ് കസ്റ്റംസ്. സരിത്തിനെ പോലെ തന്നെ സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. സന്ദീപിന്‌റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സരിത്തിന്‌റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

Follow us on pathram online

pathram desk 2:
Related Post
Leave a Comment