സ്വപ്ന സുരേഷ് നല്ല മികച്ച ഉദ്യോഗസ്ഥ; യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയാണെന്നാണ് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം.
2019 ഓഗസ്റ്റ് 31-ാം തീയതിയാണ് സ്വപ്ന യുഎഇ കോണ്‍സുലേറ്റിലെ എക്‌സക്യൂട്ടിവ് സെക്രട്ടറി എന്ന പോസ്റ്റില്‍നിന്നു മാറിയത്. അതിനുശേഷം 2019 സെപ്റ്റംബര്‍ മൂന്നിന് കോണ്‍സുലേറ്റിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സ്വപ്നയ്ക്കു മികച്ച ഉദ്യോഗസ്ഥ എന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇവിടെ ജോലി ചെയ്ത കാലത്തോളം സ്വപ്ന വളരെ മികച്ച ഉദ്യോഗസഥയാണെന്നും സ്വപ്നയുടെ അഡിമിനിസ്‌ട്രേറ്റീവ്, എച്ച്ആര്‍ മാനേജ്‌മെന്റ് മികവില്‍ കോണ്‍സുലേറ്റ് വളരെയധികം സന്തുഷ്ടരാണെന്നും കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ടെന്നും ഈ സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തന മികവായി അംഗീകരിക്കാം എന്നുമാണ് പറയുന്നത്.

ഈ സര്‍ട്ടിഫിക്കറ്റ് സ്വപ്ന പലയിടത്തും ഉപയോഗിച്ചിരുന്നെന്നാണ് വിവരം. വിഷന്‍ ടെക്‌നോളജിയില്‍ ജോലി നേടിയത് ഈ രേഖയുമായാണ്. 2018ല്‍ ബെസ്റ്റ് എംപ്ലോയി അവാര്‍ഡിനും സ്വപ്നയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ വഴിവിട്ട ബന്ധങ്ങള്‍ ആരോപിച്ച് എംബസിയുടെ നിര്‍ദേശ പ്രകാരമാണ് സ്വപ്നയെയും സരിത്തിനെയും ഒരു െ്രെഡവറെയും കോണ്‍സുലേറ്റ് പുറത്താക്കിയത്. ഇത്തരത്തില്‍ പുറത്താക്കപ്പെട്ട ഒരാള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഉന്നതതലത്തില്‍ തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണു സൂചന.

സ്വപ്ന യുഎഇ കോണ്‍സുലേറ്റില്‍നിന്നു പുറത്തായ വിവരം തലസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അറിയുന്നത് സ്വര്‍ണക്കടത്ത് പുറത്തിവന്നതിനുശേഷമാണെന്നാണ് വിവരം. എല്ലാ ഇടപാടുകളിലും നയതന്ത്ര ഉദ്യോഗസ്ഥ എന്ന ബന്ധമാണ് സ്വപ്ന ഉപയോഗപ്പെടുത്തിയത്.

അതേസമയം, സ്വപ്ന സുരേഷ് കേരളം വിട്ടതായും സംശയമുണ്ട്. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണു പൊലീസിന്റെ തീരുമാനം. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക. അതിനിടെ, സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ തിരുവനന്തപുരത്ത് കസ്റ്റംസ് കസ്റ്റഡിയിലാണ്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനം സ്വപ്നയുടെ സാന്നിധ്യത്തില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തിരുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment