സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും; സിബിഐ അന്വേഷണം വേണം ഷാഫി പറമ്പില്‍

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിപിഎം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി പിണറായിയെ രക്ഷിക്കാനാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ശിവശങ്കരനില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസും കാണുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി സ്വപ്നയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഷാപി പറമ്പില്‍ ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2016 ഒക്ടോബര്‍ 20 ന് യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വിജയനാണെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല, കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് നിയമനം നല്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് പ്രചരിപ്പിക്കുന്നത്.

തമ്പാനൂര്‍ രവിക്ക് സ്വപ്നയെന്ന പേരില്‍ ഒരു മരുമകള്‍ ഇല്ലായെന്ന്, വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് നല്ല ബോധ്യമുണ്ട്.

പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്ന ഫോട്ടോയില്‍ നില്‍ക്കുന്ന വനിത സ്വപ്നയല്ല എന്നതും അവര്‍ക്കറിയാം.

ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പങ്കെടുത്ത കെ.എസ്.യു. നേതാവ് സച്ചിന്റെ കല്യാണ ഫോട്ടോ സരിത് കുമാറിന്റേതാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ക്കും വസ്തുതകള്‍ അറിയാത്തവരല്ല..

ഇതെല്ലാം അറിഞ്ഞിട്ടും വ്യാജ നിര്‍മ്മിതികള്‍ ന്യായീകരണ തൊഴിലാളികള്‍ ചമക്കുന്നതിന്റെ കാരണം വളരെ വ്യക്തമാണ്. സംരക്ഷിക്കാനുള്ളത് ശിവശങ്കരനെയല്ലാ, പിണറായി വിജയനെ തന്നെയാണ്. അതു കൊണ്ട് തന്നെയാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം വ്യാജ പ്രചരണങ്ങള്‍ അവര്‍ നടത്തിയത്.

ഒരു ശിവശങ്കരന് വേണ്ടി ഇത്രയധികം ഫേക്ക് പോസ്റ്റുകള്‍ ഉണ്ടാക്കേണ്ട ആവശ്യം സി.പിഎമ്മിനില്ല.

ഇത് കേവലം ഒരു അഴിമതി കേസല്ല. 100 കോടിയുടെ സ്വര്‍ണ്ണം, ഡിപ്ലോമാറ്റിക്ക് ചാനല്‍ വഴി കടത്തിയിട്ടുണ്ട് എന്ന് സരിത് തന്നെ പറയുന്നു. അതിന് നേതൃത്വം നല്‍കിയ ഒരാളെ സര്‍ക്കാര്‍ ഐഡന്റിറ്റി കാര്‍ഡും കൊടുത്ത്, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉന്നതരേയും ഉപയോഗിച്ച് കള്ളക്കടത്ത് പാര്‍സല്‍ തുറന്ന് നോക്കാന്‍ പോലും പാടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് തന്നെ വളര്‍ന്ന ഒരു രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ശിവശങ്കരനില്‍ മാത്രം ഒതുങ്ങുന്നതല്ല.

അത് കൊണ്ട് തടി തപ്പാമെന്ന് മുഖ്യമന്ത്രി കരുതണ്ട. സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസും കാണും.

തെറ്റ് ചെയ്തിട്ടില്ലായെന്ന് മുഖ്യമന്ത്രി സ്വന്തമായി പറഞ്ഞാല്‍ പോരാ. സ്പ്രിംഗഌ ഇടപാടിലും ബെവ് ക്യു കരാറിലും പമ്പയിലെ മണലൂറ്റിലുമടക്കം മുഖ്യമന്ത്രി ആദ്യം പറഞ്ഞ നിലപാടും യാഥാര്‍ത്ഥ്യവും തമ്മില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി സ്വപ്നയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, ഈ രാജ്യദ്രോഹ കേസില്‍ സമഗ്രമായ സിബിഐ അന്വേഷണം യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു.

FOLLOW US: pathram online

pathram:
Leave a Comment