സ്വപ്‌നയ്ക്ക് ഭരണതലപ്പത്തും ബന്ധം; വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പ് ഉദ്യോഗസ്ഥ വന്‍ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതിയായതോടെ സര്‍ക്കാര്‍ ഊരാക്കുടുക്കില്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐടി വകുപ്പ് സെക്രട്ടറിയുമായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതു ഭരണത്തലപ്പത്തെ നിഗൂഢ ബന്ധങ്ങളിലേയ്ക്ക് .മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ആരോപണശരങ്ങള്‍ നേരത്തേ തന്നെ ഉയര്‍ത്തി വന്ന പ്രതിപക്ഷത്തിനു വജ്രായുധം കിട്ടിയ പ്രതീതിയാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളോട് പിണറായി വിജയന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുവെങ്കിലും സ്വപ്നയുടെ നിയമനത്തെക്കുറിച്ചു വ്യക്തമായ ഉത്തരം നല്‍കാന്‍ മുതിര്‍ന്നില്ല. സിപിഎമ്മിന്റേയോ എല്‍ഡിഎഫിന്റേയോ നേതാക്കളാരും പ്രതിപക്ഷത്തിനും ബിജെപിക്കും മറുപടി നല്‍കാനായി രംഗത്തെത്തിയില്ല. ചാനല്‍ ചര്‍ച്ചകളില്‍ നിന്നു പ്രധാന നേതാക്കള്‍ വിട്ടുനിന്നു. സമൂഹ മാധ്യമങ്ങളിലും മൗനമാണ്.

യുഎഇ കോണ്‍സുലേറ്റിലെ രണ്ടു മുന്‍ ഉദ്യോഗസ്ഥരുടെ സ്വര്‍ണക്കടത്തിലെ പങ്കാളിത്തം വ്യക്തമായതോടെ അവശേഷിക്കുന്ന കണ്ണികളും പുറത്തുവരാനുള്ള വിവരങ്ങളുമാണു പലരുടെയും ഉറക്കം കെടുത്തുന്നത്. കേന്ദ്രത്തിന്റെ കയ്യിലുള്ള കസ്റ്റംസ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്നാണു ബിജെപി എടുക്കുന്ന താല്‍പര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനെതിരെ ആക്ഷേപശരങ്ങള്‍ ഒന്നൊന്നായി എയ്തു വിട്ടാണ് എല്‍ഡിഎഫിന്റെ പ്രചാരണ രഥം ഉരുണ്ടത്.

ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസ് വിവാദത്തിലാകുകയാണ്. െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ തുറന്നുവെന്ന ആക്ഷേപം പ്രതിപക്ഷനേതാവ് ഉയര്‍ത്തിയിരുന്നു. അതിനു പിന്നാലെ മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പില്‍ നിയമിതയായ ഉദ്യോഗസ്ഥ വന്‍ വിവാദത്തിലെ കേന്ദ്രബിന്ദുവായിരിക്കുന്നു.

സ്പ്രിന്‍ക്ലര്‍ തൊട്ട് െ്രെപസ് വാട്ടറും സ്‌പേസ് പാര്‍ക്കും വരെയുള്ള സ്ഥാപനങ്ങള്‍ വിവാദ വലക്കണ്ണികള്‍ മുറുക്കുമ്പോള്‍ ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിക്കും പരിശോധിക്കേണ്ടി വരും.

Follow us: pathram online

pathram:
Leave a Comment