ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയതു നൂഡില്‍സ്, ഈന്തപ്പഴം, ബിസ്‌കറ്റ് എന്നപേരില്‍; ബാഗേജ് തടഞ്ഞപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിരട്ടി

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയതു ഭക്ഷ്യസാധനങ്ങള്‍ എന്ന രേഖയുടെ പേരില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം ബാഗേജ് തടഞ്ഞപ്പോള്‍ തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും കസ്റ്റഡിയിലായ സരിത്തും ചേര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ വിരട്ടിയതായും സൂചനയുണ്ട്.

കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്‌സ് വിമാനത്തില്‍ 4 ദിവസം മുന്‍പെത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് തടഞ്ഞത്. ചില രേഖകള്‍ ഇല്ലെന്ന പേരിലാണു തടഞ്ഞത്. എന്നാല്‍ ഇതറിഞ്ഞെത്തിയ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും സരിത്തും ഇതു വിട്ടുനല്‍കണമെന്നും തടയാന്‍ അധികാരമില്ലെന്നും പറഞ്ഞു. പിന്നീടു ഭീഷണിയുടെ സ്വരത്തിലും ഇവര്‍ സംസാരിച്ചെന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. അതോടെ കസ്റ്റംസ് അധികൃതര്‍ വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. അവര്‍ ഡല്‍ഹിയിലെ യുഎഇ എംബസി അധികൃതരോടു ബാഗേജിന്റെ വിവരം ചോദിച്ചു.

സാധാരണ ഇതു വെളിപ്പെടുത്തേണ്ടതില്ലെങ്കിലും ബാഗേജിലെ സാധനങ്ങളുടെ പട്ടിക ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ നല്‍കി. നൂഡില്‍സ്, ഈന്തപ്പഴം, ബിസ്‌കറ്റ് എന്നിങ്ങനെ ഭക്ഷ്യവസ്തുക്കളെന്നാണ് അവര്‍ അറിയിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എക്‌സ്‌റേ മെഷീനിലൂടെ ബാഗേജ് പരിശോധിച്ചപ്പോള്‍ അതില്‍ പെടാത്ത ചില സാധനങ്ങളും ശ്രദ്ധയില്‍പെട്ടു. അക്കാര്യം വീണ്ടും വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. തുടര്‍ന്നാണു തുറന്നു പരിശോധിക്കാന്‍ അനുമതി നല്‍കിയത്.

അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനു കത്തു നല്‍കി. ഞായറാഴ്ച ഉദ്യോഗസ്ഥന്‍ മറ്റൊരു സഹായിയുമായി എത്തി. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തില്‍ ബാഗേജ് തുറന്നു പരിശോധിച്ചപ്പോള്‍ 10 കൂട് നൂഡില്‍സ്, ഒരു കിലോഗ്രാം ഈന്തപ്പഴം, കുറെ ബിസ്‌കറ്റ് എന്നിവയും ബാക്കി സ്വര്‍ണവുമായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ ഒഴികെയുള്ളവ തന്റേതല്ലെന്നും സരിത്താണ് ഇവ വാങ്ങി എത്തിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നാണു സരിത്തിനെ കസ്റ്റഡിയിലെടുത്തത്. സരിത്ത് തുടര്‍ന്നു സ്വപ്ന സുരേഷിന്റെ പേരും കസ്റ്റംസിനോടു വെളിപ്പെടുത്തി. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേരുടെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

Follow us: pathram online

pathram:
Leave a Comment