ഇനി പിടിച്ചുപറി നടക്കില്ല…!! സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് പിണറായി സര്‍ക്കാര്‍

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. ജനറല്‍ വാര്‍ഡില്‍ 2300 രൂപയും, വെന്റിലേറ്റര്‍ ഐസിയുവിന് 11,500 രൂപയുമാണ് പ്രതിദിന നിരക്ക്.

കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനുള്ള ചെലവടക്കം കണക്കാക്കിയാണ് നിരക്ക്. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2300 രൂപ. ഹൈഡിസ്‌പെന്‍സറി യൂണിറ്റില്‍ 3300 രൂപ. ഐസിയുവില്‍ 6500 രൂപ. ചികിത്സാവശ്യാര്‍ത്ഥം ഉപയോഗിക്കേണ്ടി വരുന്ന പിപിഇ കിറ്റുകള്‍ക്ക് വരുന്ന ചെലവ് ഇതിന് പുറമെയാണ്. ഇതടക്കം ചേര്‍ത്ത് വിശദമായ മാര്‍ഗരേഖ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടുത്തഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയാണ് നടപടി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി പലഘട്ടത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിരക്ക് ഏകീകകരിച്ച് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ 1311 സ്വകാര്യ ആശുപത്രികളെക്കൂടിയാണ് സര്‍ക്കാര്‍ അടുത്തഘട്ടത്തിലേക്കായി കണ്ടുവെച്ചിരിക്കുന്നത്. 6664 ഐസിയു കിടക്കകളും 1470 വെന്റിലേറ്ററുകളും ഇങ്ങനെ ലഭ്യമാകുമെന്നാണ് കണക്ക്. 72380 കിടക്കകളാണ് സ്വകാര്യ ആശുപത്രികളുടേതായി കണക്കാക്കിയിരിക്കുന്ന മൊത്തം ശേഷി.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് കോവിഡ് ചികിത്സയുള്ളത്. കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണെന്നിരിക്കെ സ്വകാര്യ ആശുപത്രികള്‍ക്ക് ഈ പണം സര്‍ക്കാര്‍ പിന്നീട് നല്‍കുകയാണ് ചെയ്യുക. പുതിയ നിരക്കിനെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സ്വാഗതം ചെയ്തു.

Follow us: pathram online

pathram desk 2:
Leave a Comment