തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടറുടെ ഐ.എ.എസ്. റദ്ദാക്കാന്‍ ശുപാര്‍ശ. സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി. ആസിഫിന്റെ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആസിഫ് കെ. യൂസഫിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശം. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഐ.എ.എസ്. നേടിയതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ താഴെയാകണമെന്നതാണ് ഒ.ബി.സി. സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കൂടുതലാണെന്ന് തെളിഞ്ഞു.
ആസിഫിന്റെ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണയന്നൂര്‍ തഹസില്‍ദാര്‍മാര്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദേശമുണ്ട്.
നിലവില്‍ ആസിഫിന് ഇതുവരെ ഐ.എ.എസ്. നല്‍കി സ്ഥിരപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരില്‍നിന്ന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് ആസിഫ് പ്രൊബേഷനില്‍ തുടരുന്നതെന്നാണ് സൂചന. അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. അടിയന്തരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 11ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം കത്തയച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
FOLLOW US: PATHRAM ONLINE
Leave a Comment