ലോക്ഡൗണ്‍ കാരണം മക്കളെയും കൊച്ചുമക്കളെയും കാണാനാവാത്തതില്‍ വിഷമം; വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

ലോക്ഡൗണില്‍ യാത്രാവിലക്കുള്ളതിനാല്‍ മക്കളെയും കൊച്ചുമക്കളെയും കാണാനാകാത്ത വിഷമത്തില്‍ വൃദ്ധ ദമ്പതിമാര്‍ ജീവനൊടുക്കി. നാഗപട്ടണം ജില്ലയിലെ സീര്‍കാഴിക്കടുത്ത് പെരുന്തോട്ടം ഗ്രാമത്തില്‍ താമസിക്കുന്ന അരുള്‍സാമി (70), ഭാര്യ ഭാഗ്യവതി (65) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. വിവാഹം കഴിഞ്ഞ് ആണ്‍മക്കള്‍ ജോലി ആവശ്യത്തിന് കുടുംബമായി ചെന്നൈയിലും മകള്‍ മലിയാടുതുറൈയിലുമാണ് താമസിച്ചിരുന്നത്. അരുള്‍സാമിയും ഭാര്യയും മാത്രമാണ് പെരുന്തോട്ടത്തിലെ വീട്ടിലുണ്ടായിരുന്നത്. സാധാരണ എല്ലാമാസവും മക്കള്‍ വീട്ടിലെത്താറുള്ളതാണ്. എന്നാല്‍ ഇത്തവണ അവധിക്കാലത്തും ലോക്ഡൗണായതോടെ യാത്രാവിലക്കുള്ളതിനാല്‍ ചെന്നൈയിലുള്ള മക്കള്‍ക്കും കുടുംബത്തിനും ഗ്രാമത്തിലേക്ക് പോകാനായില്ല. മൂന്നുമാസമായി മക്കളെയും ചെറുമക്കളെയും കാണാനാകാത്തതില്‍ ദമ്പതിമാര്‍ വിഷമത്തിലായിരുന്നതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം രാത്രി ഇവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

രാവിലെ ദമ്പതിമാരെ പുറത്തുകാണാത്തതോടെ അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് ഇരുവരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവെങ്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ സീര്‍കാഴി ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment