അതിര്‍ത്തിയില്‍ അമേരിക്കന്‍ -റഷ്യന്‍ നിര്‍മിത യുദ്ധവിമാനങ്ങളും ; ആകാശ നിരീക്ഷണം ശക്തം

ലഡാക്ക്: അതിര്‍ത്തിയില്‍ കരുതലോടെ ഇന്ത്യന്‍ വ്യോമസേന. അതിര്‍ത്തിയിലെ വ്യോമസേനയുടെ മുന്നണിയിലുള്ള വ്യോമതാവളത്തില്‍ നിന്ന് സുഖോയ് എസ്.യു. 30 എം.കെ.ഐ,. മിഗ് 29 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ നിരന്തരം ആകാശ നിരീക്ഷണം നടത്തുന്നു.

അമേരിക്കന്‍ നിര്‍മിത സി-17, സി-130ജെ, റഷ്യന്‍ നിര്‍മിത ഇല്യൂഷിന്‍-76, അന്റൊണോവ്-32 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും വ്യോമതാവളത്തിലെത്തിയിട്ടുണ്ടെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.ദൂരെ സ്ഥലങ്ങളില്‍ നിന്നുമുള്ള സൈനികരെയും ഉപകരണങ്ങളും വെടിക്കോപ്പുകളും എത്തിച്ച് യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിന്യസിക്കാനാണ് ഈ വിമാനങ്ങള്‍ സഹായിക്കുക.

അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്ടറുകളും വ്യോമസേന താവളത്തില്‍ സജ്ജമാണ്. മേയ് മാസത്തില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം ചൈനീസ് സൈന്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സമയത്ത് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് അപ്പാച്ചെയും ചിനൂക്കുമായിരുന്നു.

ഈ വ്യോമതാവളത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചോദ്യത്തിന്- ഈ മേഖലയിലെ സൈനിക നീക്കങ്ങളില്‍ നിര്‍ണായക പങ്കാണ് ഈ വ്യോമതാവളം വഹിക്കുന്നതെന്നും ഏത് അടിയന്തര സാഹചര്യം നേരിടാനും ഇവിടം സജ്ജമാണെന്നും ഒരു ഫ്ളൈറ്റ് ലെഫ്റ്റനന്റ് പ്രതികരിച്ചു.ഇന്ത്യന്‍ വ്യോമസേന ഓപ്പറേഷനുകള്‍ക്ക് പൂര്‍ണസജ്ജമാണെന്നും ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ തയ്യാറാണെന്നും വ്യോമതാവളത്തിലെ തയ്യാറെടുപ്പുകളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു വിങ് കമാന്‍ഡര്‍ പറഞ്ഞു.

FOLLOW US: pathram online

pathram:
Related Post
Leave a Comment